തിരുവനന്തപുരം: ഫ്ലക്‌സിന് പകരം റീസൈക്കിള്‍ ചെയ്യാനാകുന്ന പോളി എത്തിലിന്‍ നിര്‍മിത ഷീറ്റുമായി ഗ്രീന്‍സൈന്‍. സെറോ (zerow) എന്ന പേരില്‍ പുറത്തിറക്കിയ ബ്രാന്‍ഡിന്‍റെ ലോഞ്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മാലിന്യ മുക്തമായ പരസ്യ വ്യവസായം ലക്ഷ്യം വച്ചാണ് സെറോ പുറത്തിറക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
മാലിന്യ മുക്ത പരസ്യ വ്യവസായം; ഫ്ലക്‌സിന് പകരം പോളി എത്തിലിന്‍ ഷീറ്റുമായി ഗ്രീന്‍സൈന്‍
നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഫ്ലക്‌സിന് പകരം റീസൈക്കിള്‍ ചെയ്‌ത് ഉപയോഗിക്കാവുന്ന പോളി എത്തിലിന്‍ നിര്‍മിത ഷീറ്റ് പുറത്തിറക്കിയിരിക്കുകയാണ് ഗ്രീന്‍സൈന്‍. സെറോ (zerow) എന്നാണ് ബ്രാന്‍ഡിന്‍റെ പേര്.
ഫ്ലക്‌സ് ഉണ്ടാക്കുന്ന മാലിന്യവും പാരിസ്ഥിതിക പ്രശ്‌നങ്ങളും പോളി എത്തിലിന്‍ നിര്‍മിത ഷീറ്റ് സൃഷ്‌ടിക്കുന്നില്ലെന്ന് നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. ഉപയോഗം കഴിഞ്ഞ സെറോ ഹോര്‍ഡിങ് ഷീറ്റുകള്‍ തിരിച്ചെടുക്കാനും കമ്പനിക്ക് സംവിധാനമുണ്ട്. ഇവ റീസൈക്കിള്‍ ചെയ്‌ത് ഉപയോഗിക്കാം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടത്ത് അദ്ദേഹത്തിന്‍റെ പ്രചാരണത്തിന് പരീക്ഷിച്ച് വിജയിച്ചതാണ് മാതൃകയെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. മികച്ച മാതൃകയാണെന്ന് തെളിഞ്ഞാല്‍ സംരംഭത്തിന് വേണ്ട പ്രോത്സാഹനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പരിസ്ഥിതി സൗഹൃദ വ്യവസായ സംരംഭങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.