തിരുവനന്തപുരം: മൃഗശാല ജീവനക്കാർക്ക് പിടികൊടുക്കാതെ വട്ടംചുറ്റിച്ച് ഹനുമാൻ കുരങ്ങ്. നിലവിൽ പിഎംജിയിലെ മസ്ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തിന് മുകളിലാണ് ഹനുമാൻ കുരങ്ങ് തമ്പടിച്ചിരിക്കുന്നത്. കുരങ്ങിനെ നിരീക്ഷിക്കാൻ പ്രത്യേകം ജീവനക്കാരെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്.
പഴങ്ങളും വെള്ളവും മരച്ചില്ലയിൽ വച്ച് നൽകിയതായി മൃഗശാല സൂപ്രണ്ട് രാജേഷ് വി ഇടിവി ഭാരതിനോട് പറഞ്ഞു. പഴങ്ങൾ കയർ കെട്ടി മരച്ചില്ലയിലേക്ക് എറിഞ്ഞ് നൽകുകയാണ് ചെയ്യുന്നത്. കുരങ്ങിൻ്റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം.
കുരങ്ങിനെ മയക്കുവെടി വച്ച് പിടിക്കില്ല:ജീവനക്കാർ നൽകുന്ന ഭക്ഷണത്തിന് പുറമെ തളിരിലകളും പൂക്കളും കുരങ്ങ് ഭക്ഷണമാക്കുന്നുണ്ട്. എന്നാല്‍, കുരങ്ങിനെ മയക്ക് വെടിവച്ച് കൂട്ടിലാക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അധികൃതർ. മയക്കുവെടി വയ്ക്കരുതെന്ന് മന്ത്രി ജെ ചിഞ്ചു റാണിയും അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
മരത്തിന് മുകളിൽ തമ്പടിച്ചിരിക്കുന്ന കുരങ്ങിനെ കാണാനായി നിരവധി ആളുകളാണ് എത്തുന്നത്. തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്നെത്തിച്ച പെൺ ഹനുമാൻ കുരങ്ങാണ് രക്ഷപ്പെട്ടത്. ആൺ ഹനുമാൻ കുരങ്ങ് ഇപ്പോഴും മൃഗശാലയിലെ പ്രത്യേക കൂട്ടിലാണ്.
ജൂൺ 13 ചൊവ്വാഴ്‌ച വൈകിട്ട് നാല് മണിയോടെ പരീക്ഷണാർഥം കൂട് തുറക്കുന്നതിനിടെയാണ് കുരങ്ങ് ചാടിപ്പോയത്. ഇതിനിടെ കുരങ്ങ് മൃഗശാല വളപ്പിലെ കാട്ടുപോത്തിൻ്റെ കൂടിന് സമീപത്തെ മരത്തിന് മുകളിൽ എത്തിയിരുന്നു. ഇണയെ കാട്ടിയും ഇഷ്‌ട ഭക്ഷണങ്ങൾ കാട്ടിയും കുരങ്ങിനെ കൂട്ടിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജൂൺ 17ന് ശനിയാഴ്‌ച കുരങ്ങ് വീണ്ടും ചാടിപ്പോയത്.
അതേസമയം, ഹനുമാന്‍ കുരങ്ങ് ചാടിപ്പോയ സംഭവത്തില്‍ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്‌ടര്‍ എസ് അബു വിശദീകരണം നല്‍കിയിരുന്നു. കുരങ്ങിനെ തുറന്ന കൂടുകളിലേക്ക് മാറ്റാനുള്ള നീക്കം നടത്തിയത് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നുവെന്നും കൂട് തുറക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് കുരങ്ങ് ചാടിപ്പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് മുന്‍പും ഇതേ ഇനത്തില്‍പെട്ട കുരങ്ങുകള്‍ മൃഗശാലയില്‍ ഉണ്ടായിരുന്നു. അന്നൊന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇത് സാധാരണ സംഭവമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
കുരങ്ങ് ചാടിപ്പോയിട്ട് ഇത് 10 ദിവസം:10 ദിവസം പിന്നിട്ടിട്ടും ജീവനക്കാർക്ക് കുരങ്ങിനെ പിടികൂടാനായിട്ടില്ല. മൃഗങ്ങളുടെ കൈമാറ്റ വ്യവസ്ഥ അനുസരിച്ചാണ് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഓരോ ജോഡി സിംഹങ്ങളെയും ഓരോ ജോഡി ഹനുമാൻ കുരങ്ങുകളെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. സിംഹങ്ങളെ സന്ദർശക കൂട്ടിലേക്ക് മാറ്റുകയും അവയ്ക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പേരുകൾ നൽകുകയും ചെയ്‌തു.
ആൺ സിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നുമാണ് പേര് നൽകിയിരിക്കുന്നത്. പെൺ ഹനുമാൻ കുരങ്ങ് രക്ഷപ്പെട്ടതിനെ തുടർന്ന് ആൺ കുരങ്ങിനെ നിലവിൽ സന്ദർശക കൂട്ടിലേക്ക് മാറ്റിയിട്ടില്ല. മൃഗശാലയിലെ പ്രത്യേക കൂട്ടിലുള്ള ആൺ ഹനുമാൻ കുരങ്ങിന്‍റെ സ്വഭാവവും പെരുമാറ്റവും നിരീക്ഷിച്ചുവരികയാണ്.
ഇതിനുശേഷമാകും സന്ദർശകർ കൂട്ടിലേക്ക് മാറ്റുക. തുടർന്ന് മന്ത്രി ഇവയ്ക്കും പേര് നൽകും. തിരുപ്പതി ശ്രീ വെങ്കടേശ്വര മൃഗശാലയിൽ നിന്നും ഉടൻ തന്നെ വെള്ള മയിലുകളെയും എമുവിനെയും തിരുവനന്തപുരത്ത് എത്തിക്കും.
വിദേശ രാജ്യങ്ങളിൽ നിന്നടക്കം സീബ്ര, ജിറാഫ് ഉൾപെടെയുള്ള മൃഗങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. അതേസമയം, പുതിയ സിംഹങ്ങളെ സന്ദർശകർ കൂട്ടിലേക്ക് മാറ്റിയതിനു പിന്നാലെ മൃഗശാലയിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായും ടിക്കറ്റ് വരുമാനം ഉയർന്നതായും അധികൃതർ അറിയിച്ചു.