തിരുവനന്തപുരം : സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാർക്ക് കറുപ്പ് നിറത്തിലുള്ള ഓവർകോട്ട് വാങ്ങാൻ പണം അനുവദിച്ച് സർക്കാർ. ഇതിനായി 96,726 രൂപയാണ് സർക്കാർ അനുവദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടി വേദികളിൽ കറുപ്പ് വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്ക് കർശന വിലക്കേർപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കെയാണ് സെക്രട്ടേറിയറ്റിലെ തന്നെ ശുചീകരണ ജീവനക്കാർക്ക് കറുപ്പ് നിറത്തിലുള്ള ഓവർകോട്ട് വാങ്ങാൻ സർക്കാർ പണം അനുവദിച്ചിരിക്കുന്നത് (Secretariat cleaning staff Uniform).
സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽ നിന്ന് 188 കോട്ട് വാങ്ങിയതിനാണ് പണം അനുവദിച്ചത്. ഒരു ഓവർകോട്ടിന് 514 രൂപയാണ് ചെലവ്. 188 കോട്ട് വാങ്ങിയതിന് കൈത്തറി വികസന കോർപ്പറേഷന് നേരത്തെ പർച്ചേസ് ഓർഡർ നൽകിയിരുന്നു. ഇതിനായി ജി.എസ്.ടി. ഉൾപ്പെടെയുള്ള ചെലവായാണ് സർക്കാർ പണം അനുവദിച്ചത്.
പഞ്ച് ചെയ്‌ത് മുങ്ങിയാല്‍ പിടിവീഴും.. സെക്രട്ടേറിയറ്റിൽ ആക്‌സസ് കൺട്രോൾ സിസ്റ്റം വരുന്നു :സെക്രട്ടേറിയറ്റിലെ ജീവനക്കാർ പഞ്ച് ചെയ്‌ത് മുങ്ങുന്നത് തടയാൻ സംവിധാനം വരുന്നു. ആക്‌സസ് കൺട്രോൾ സിസ്റ്റമാണ് സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തുന്നത്. ഏപ്രിൽ ഒന്നു മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക.
രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും സംവിധാനം ഏർപ്പെടുത്തുക. ഇതിന് ശേഷമാകും പഞ്ചിങ് സംവിധനത്തിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്ന സമയത്ത് ജീവനക്കാർക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകും. രണ്ട് മാസത്തിന് ശേഷം ഇത്തരത്തിൽ മുങ്ങുന്ന ജീവനക്കാരുടെ ശമ്പളം പിടിക്കാനാണ് സർക്കാർ തീരുമാനം.
നടപടി സംഘനകളുടെ എതിർപ്പ് മറികടന്ന്:ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിർപ്പിനിടെയാണ് ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഭരണ പ്രതിപക്ഷ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളിൽ എല്ലാം സംഘടനകൾ ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു.