തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശപര്യടനം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചില്ലെന്നും ഇത് ചട്ടലംഘനം ആണെന്നും ആരോപിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മേലധികാരിയെന്ന നിലയിലാണ് ഗവർണറുടെ കത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തിന്‍റെ പകർപ്പ് കൈമാറിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്‍റെ ഇടപെടലും ഗവർണർ തേടുന്നുണ്ട്.
‘വിദേശയാത്രയ്ക്കു പോകുമ്പോഴും തിരിച്ചെത്തുമ്പോഴും അറിയിക്കണമെന്ന കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു. ഭരണച്ചുമതലകളുടെ ക്രമീകരണവും അറിയിച്ചില്ല’ – കത്തിൽ പറയുന്നു. പത്തു ദിവസത്തെ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്. ഒക്ടോബർ മൂന്ന് മുതൽ 13 വരെയായിരുന്നു മുഖ്യമന്ത്രിയുടെ വിദേശയാത്ര.