തിരുവനന്തപുരം : സർവകലാശാല ചാൻസിലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കം ചെയ്‌തുകൊണ്ടുള്ള ബില്ലിന് ഇത്തവണയും അംഗീകാരം നൽകാതെ മാറ്റിവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് ഒഴികെയുള്ള 16 ബില്ലുകളിൽ ഗവർണർ ഇന്ന് ഒപ്പുവച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം പാസാക്കിയ ബില്ലുകളിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്.
ഏറെ രാഷ്ട്രീയ വിവാദമായ ചാൻസിലർ ബിൽ കൂടുതൽ പരിശോധനകൾക്കായി മാറ്റിവച്ചിരിക്കുകയാണെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന. സർക്കാർ ഗവർണർ പോരിന് താത്കാലിക അയവ് വന്നതിന് പിന്നാലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകളിൽ ഒപ്പിട്ടത്.
കഴിഞ്ഞമാസം ഡിസംബർ 13ന് അവസാനിച്ച നിയമസഭ സമ്മേളനം പാസാക്കിയ ബില്ലുകൾ രാജ്ഭവനിലേക്ക് അയച്ചിരുന്നെങ്കിലും ഗവർണർ സ്ഥലത്തില്ലാത്തതിനാൽ ബിൽ ഒപ്പിടാതെ മാറ്റിവയ്‌ക്കുകയായിരുന്നു. ചാൻസിലർ ബില്ലിൽ ഗവർണർ നിയമോപദേശം തേടിയെങ്കിലും ബില്ലിന്‍റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ഗവർണർ ഒപ്പിട്ട ബില്ലുകൾ
ഹൈക്കോടതി - വിരമിക്കൽ പ്രായം നിജപ്പെടുത്തൽ ഭേദഗതി ബിൽ, കശുവണ്ടി ഫാക്‌ടറികൾ വിലക്കെടുക്കൽ ഭേദഗതി ബിൽ, ഖാദി ഗ്രാമ വ്യവസായ ബോർഡ് ഭേദഗതി ബിൽ, അബ്‌കാരി തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ, നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ഭേദഗതി ബിൽ, ഭൂപരിഷ്‌കരണ ഭേദഗതി ബിൽ, ക്ലിനിക്കൽ സ്ഥാപനങ്ങൾ ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി ബിൽ, ആധാരം എഴുത്തുകാരുടെയും പകർപ്പ് എഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ഭേദഗതി ബിൽ, ഡെക്കാൻ അഗ്രികൾച്ചറിസ്റ്റ് റിലീഫ് റദ്ദാക്കൽ ബിൽ, തോട്ടം ഭൂമി നികുതി റദ്ദാക്കൽ ബിൽ, കാർഷിക ആദായ നികുതി റദ്ദാക്കൽ ബിൽ.
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിൽ പാസാക്കിയ ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ഇതുവരെയും ഒപ്പിട്ടിട്ടില്ല. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഈ ബില്ലിന്‍റെ ഭാവിയും തുലാസിലാണ്.