തിരുവനന്തപുരം:സജി ചെറിയാന്‍റെ സത്യപ്രതിജ്‌ഞയ്‌ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയത് ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാല്‍. പൂര്‍ണ മനസോടെയല്ല ഗവര്‍ണര്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചതെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ രാജ്‌ഭവനില്‍ എത്തിയപ്പോള്‍ തന്നെ ഗവര്‍ണര്‍ ഇതിലെ നിയമവശങ്ങള്‍ പരിശോധനയും ആരംഭിച്ചിരുന്നു.
ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ രാജിവച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിലെ അതൃപ്‌തി മാധ്യമങ്ങളെ കണ്ടപ്പോള്‍ തന്നെ ഗവര്‍ണര്‍ പരസ്യമായി വ്യക്തമാക്കി. രാജി വച്ച സാഹചര്യത്തില്‍ ഇപ്പോള്‍ എന്ത് മാറ്റം വന്നുവെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. ഇക്കാര്യത്തിലും കേസുകളുടെ കാര്യത്തിലും മുഖ്യമന്ത്രിയില്‍ നിന്നടക്കം വിശദീകരണം തേടുന്നതടക്കമുളള ഗൗരവകരമായ നീക്കങ്ങള്‍ ഗവര്‍ണര്‍ തുടക്കവുമിട്ടിരുന്നു.
ഗവര്‍ണറുടെ ലീഗല്‍ അഡ്വൈസര്‍ ഗോപകുമാരന്‍ നായര്‍ നല്‍കിയ നിയമോപദേശത്തില്‍ ഭരണഘടന വിരുദ്ധ പരാമര്‍ശത്തെ ഗൗരവമായി കാണണമെന്നായിരുന്നു പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെങ്കിലും കേസില്‍ കുറ്റവിമുക്തനാക്കിയോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രം സത്യപ്രതിജ്‌ഞയെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ രാജ്‌ഭവനിലെത്തിയപ്പോള്‍ തന്നെ ആറ്റോര്‍ണി ജനറലിനോട് അനൗദ്യോഗികമായി ഗവര്‍ണര്‍ അഭിപ്രായമാരാഞ്ഞിരുന്നു.