തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തില്‍ ഭരണകക്ഷിയായ സിപിഎമ്മിനേക്കാള്‍ വാശിയോടെ ഗവര്‍ണര്‍ക്കെതിരെ നീങ്ങിയ പ്രതിപക്ഷത്തിന് പ്രോസിക്യൂഷന്‍ അനുമതിയിലൂടെ തിരിച്ചടി നല്‍കുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് മൂന്ന് മാസം മുമ്പ് സമര്‍പ്പിച്ച ഫയലില്‍ പൊടുന്നനെയാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ നിയമസഭയില്‍ തിളങ്ങി നിന്ന പ്രതിപക്ഷത്തിന് ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതി തീരുമാനം അപ്രതീക്ഷിത ആഘാതമായി. പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടിയില്‍ ഹര്‍ജി നല്‍കിയതിനുമെതിരെ ഗവര്‍ണര്‍ രംഗത്തുവന്നപ്പോള്‍ പരസ്യപ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കെതിരെ രംഗത്തുവരികയും ഗവര്‍ണറെ പിന്‍വലിക്കണമെന്ന പ്രമേയത്തില്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.
ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതി; പ്രതിപക്ഷത്തിന് തിരിച്ചടി നല്‍കി ഗവര്‍ണര്‍
പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ.ഇബ്രാഹിംകുഞ്ഞിനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് മൂന്ന് മാസം മുമ്പ് സമര്‍പ്പിച്ച ഫയലില്‍ പൊടുന്നനെയാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്.
ജനുവരി 29ന് നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം സഭക്കുള്ളില്‍ തടഞ്ഞതോടെ ഗവര്‍ണറും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം വഷളായി. ഇതോടെയാണ് ഇബ്രാഹിംകുഞ്ഞിനെതിരായ പ്രോസിക്യൂഷന്‍ അനുമതി ആയുധമാക്കി ഗവര്‍ണര്‍ പ്രതിപക്ഷത്തെ പ്രഹരിച്ചത്. സെപ്തംബറില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫിനും ബിജെപിക്കും പാലാരിവട്ടം അഴിമതി യുഡിഎഫിനെതിരായ ആയുധമാക്കാനുള്ള അവസരം കൂടിയാണ് ഗവര്‍ണര്‍ തുറന്നുകൊടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഗോദയില്‍ ഈ അഴിമതി ആരോപണത്തെ പ്രതിരോധിക്കാന്‍ യുഡിഎഫ്, പ്രത്യേകിച്ച് മുസ്ലീം ലീഗ്, നന്നേ പരിശ്രമിക്കേണ്ടിവരും.