നയപ്രഖ്യാപനത്തിലെ കേന്ദ്ര വിമർശനം വായിച്ച് ഗവർണർ തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ഭാഗം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശ സംരക്ഷണം, കടമെടുപ്പ് പരിധിയിലെ നിയന്ത്രണം എന്നിവയിലാണ് നയപ്രഖ്യാപനത്തിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ജനങ്ങളുടെ താത്‌പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കണമെന്നും നയപ്രഖ്യാപനത്തിൽ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തിന് ശക്തമായ കേന്ദ്രവും അധികാര ശ്രേണികളും ആവശ്യമാണ്. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബന്ധമാണെന്നും ഗവർണർ പറഞ്ഞു.
കടമെടുപ്പ് പരിധി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ രൂക്ഷമായാണ് നയപ്രഖ്യാപനത്തിൽ വിമർശിച്ചിരിക്കുന്നത്. കടപരിധി നിയന്ത്രിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നു. ഇത് ഫെഡറൽ സംവിധനത്തോടുള്ള വെല്ലുവിളിയായെ കണാൻ സാധിക്കുകയുള്ളൂവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
കേന്ദ്രത്തെ വിമർശിച്ചുള്ള പ്രസംഗം ഗവർണർ വായിക്കുമോയെന്ന് സർക്കാരിന് ആശങ്കയുണ്ടായിരുന്നു. നേരത്തെയുള്ള നയപ്രഖ്യാപനങ്ങളിൽ പൗരാവകാശ നിയമത്തിലടക്കമുള്ള കേന്ദ്ര സർക്കാരിനെതിരായ വിമർശനം ഗവർണർ ഒഴിവാക്കിയിരുന്നു. എന്നാൽ, ഇത്തവണ അതുണ്ടായില്ല. ഗവർണർ സർക്കാർ പോര് രൂക്ഷമായി നിൽക്കുന്നതിനിടെയാണ് സർക്കാർ എഴുതി കൊടുത്ത നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിച്ചിരിക്കുന്നത്.