തിരുവനന്തപുരം:ഒരാഴ്ചയായി നീണ്ടു നിന്ന കുട്ടികളുടെ ദൃശ്യ വിസ്മയത്തിന് ഇന്ന് സമാപനം. കുട്ടികളുടെ രണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേള അവസാന ദിവസത്തിലേക്ക് കടന്നു. രാജ്യത്തിനകത്തും പുറത്തുമായി കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഏഴുപതോളം സിനിമകള്‍ 140 ഷോകളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടു. ആറായിരത്തോളം കുട്ടികളാണ് മേളക്കെത്തിയത്. മേള ഇന്നുച്ചക്ക് സമാപിക്കും. മുതിര്‍ന്ന ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണനാണ് സമാപന ദിവസം മേളക്കെത്തുന്നത്.
കുട്ടികള്‍ സ്വന്തമായി നിര്‍മ്മിച്ചതും കുട്ടികള്‍ക്കായി മുതിര്‍ന്നവര്‍ നിര്‍മ്മിച്ചതുമായ സിനിമകള്‍ കുട്ടിക്കാര്യങ്ങള്‍ മാത്രമല്ല ഗൗരവ വിഷയങ്ങളും ചര്‍ച്ച ചെയ്തു. കുട്ടികള്‍ നാളത്തെ പൗരന്മാരല്ല ഇന്നിന്‍റെ തന്നെ പൗരന്മാരാണ് തെളിയിക്കുന്നതായിരുന്നു ഓരോ സിനിമയും. ഓരോ ഷോ കണ്ടിറങ്ങുമ്പോഴും കുട്ടികളുടെ പ്രതികരണം തങ്ങള്‍ പുതിയ വെളിച്ചം നേടിയെന്ന അനുഭൂതിയാണ് പങ്കു വെച്ചത്. നമ്മുടെ കുട്ടികള്‍ക്ക് ഇത്ര കഴിവുണ്ടായിരുന്നോ എന്ന് അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു കുട്ടികള്‍ നിര്‍മ്മിച്ച ഓരോ സിനിമയും.