തിരുവനന്തപുരം: ഗവർണർ- സർക്കാർ പോരാട്ടത്തിന്‍റെ ഫലമായി മലയാളം സർവകലാശാല വിസി നിയമനവും കോടതി കയറിയേക്കും. സർക്കാർ ആവശ്യപ്പെടുന്നതിനനുസരിച്ച് സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ഗവർണർ വിസമ്മതിച്ചതോടെയാണ് മലയാള സർവകലാശാല വൈസ് ചാൻസിലർ നിയമനവും കോടതി കയറുമെന്ന സാധ്യത ഉയരുന്നത്. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകുന്നതിൽ ഗവർണറുടെ മറുപടി പ്രതികൂലമെങ്കിൽ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.
പോരില്‍ വഴി മുട്ടി വിസി നിയമനം:കേരള സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവയ്ക്ക് പുറമേ മലയാള സർവകലാശാല വൈസ് ചാൻസിലർ നിയമനവും വഴിമുട്ടി നിൽക്കുകയാണ്. കാലാവധി അവസാനിക്കാൻ പോകുന്ന കുസാറ്റ്, എംജി സർവ്വകലാശാലകളിലെ വിസിമാരുടെ നിയമനവും സർക്കാർ ഗവർണർ പോരിനെ ആശ്രയിച്ചിരിക്കും. ഇവിടങ്ങളിലേക്കുള്ള വിസി സെർച്ച് കമ്മിറ്റി രൂപവൽക്കരണവും ആശങ്കയിലാണ്.
മലയാള സർവകലാശാല വിസി നിയമനത്തിന് 2018ലെ യുജിസി മാർഗ രേഖ അനുസരിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നുവെന്നാണ് ഗവർണർക്ക് അയച്ച കത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. എന്നാൽ, വിസി നിയമനത്തിന് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് സർക്കാർ അല്ല ചാൻസിലർ ആണെന്നും ഇത് മറികടന്നാണ് സർക്കാർ തീരുമാനമെടുത്തെതെന്നുമാണ് രാജ്ഭവന്‍റെ വാദം. യുജിസി മാര്‍ഗ രേഖയിൽ സെർച്ച് കമ്മിറ്റി വേണമെന്ന് മാത്രമാണ് പറഞ്ഞതെന്നും ആര് രൂപീകരിക്കണം, എത്ര അംഗങ്ങൾ വേണമെന്ന് വ്യവസ്ഥ ചെയ്‌തിട്ടില്ല എന്നാണ് സർക്കാരിന്‍റെ വാദം.
തുടക്കം മുതലേ വിസി നിയമനത്തിൽ സർക്കാർ ഇടപെടലിനെ എതിർക്കുന്ന ഗവർണർ ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല. സർക്കാർ നീക്കത്തോട് അദ്ദേഹം സഹകരിക്കാൻ സാധ്യതയില്ല. മലയാള സർവകലാശാല വിസിയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും.