തിരുവനന്തപുരം :മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ സംബന്ധിച്ച് ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ക്കെതിരെ തിരിച്ചടിച്ച് സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് മദന്‍മോഹന്‍ പുഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായം ആരാഞ്ഞുകൊണ്ട് കേന്ദ്രം നല്‍കിയ കത്തിനുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ നീക്കം ഗവര്‍ണറെ പ്രകോപിപ്പിക്കാന്‍
ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണം. ചാന്‍സലര്‍ പദവിയില്‍ വീഴ്‌ചയുണ്ടായാലും ഭരണഘടനാ ലംഘനം ഉണ്ടായാലും ഈ സവിശേഷ അധികാരം വേണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് നിയമ സെക്രട്ടറി നല്‍കിയ ശുപാര്‍ശ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചു. നിരവധി വിഷയങ്ങളിലാണ് സമീപകാലത്ത് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടിയത്.