തിരുവനന്തപുരം :സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammed Khan). ബില്ലുകളിൽ വ്യക്തത വരാതെ തീരുമാനമില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ പോയ സാഹചര്യത്തിൽ തന്‍റെ ഭാഗം സുപ്രീം കോടതിക്ക് മുന്നിൽ സമർപ്പിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു (governor criticized Kerala govt and want clarity on issues related to the bills).
തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയിലേക്ക് സർക്കാർ പോയ സ്ഥിതിക്ക് എന്‍റെ ഭാഗം സുപ്രീം കോടതിയിൽ സമർപ്പിക്കും. ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുമ്പോൾ ഗവർണറാണ് അവിടെ ഇരുട്ടിലാകുന്നത്.
സർവകലാശാല ബില്ലിൽ തന്നെ വൈസ് ചാൻസലർമാരുടെ ചിലവ് ഉൾപ്പെടുന്നതിനാൽ അത് മണി ബില്ലാണ്. മണി ബില്ലിന് ചാൻസലറുടെ അനുമതി വേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. അധികാര പരിധിക്ക് പുറത്തുള്ള ബില്ലുകൾ സർക്കാർ പാസാക്കുന്നു. മന്ത്രിമാർ നേരിട്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ കത്ത് ഞാൻ അവരെയെല്ലാം കാണിച്ചു.
മുഖ്യമന്ത്രിയുടെ കത്തിന് എങ്ങനെ പ്രതികരിക്കുമെന്നാണ് മന്ത്രിമാർ ചോദിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ടെത്താൻ ആവശ്യപ്പെടുന്നത്. കുറഞ്ഞ പക്ഷം കത്ത് പിൻവലിക്കുകയെങ്കിലും ചെയ്യണം. ഇത് രണ്ടും നടന്നില്ല.
നീതി ആയോഗ് അംഗീകരിക്കുന്ന കേരളത്തിന്‍റെ അഭിവൃദ്ധികളെല്ലാം കേരളത്തിലെ സാധാരണ മലയാളികളുടെ നേട്ടമാണ്. കേരളത്തിന് പുറത്ത് പോയി അവർ കേരളത്തിലേക്ക് പണം അയക്കുന്നു. മനുഷ്യവിഭവ ശേഷി കൊണ്ട് സമ്പന്നമാണ് ഈ സംസ്ഥാനം.
സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനം ലോട്ടറിയും മദ്യവും മാത്രമാണ്. കേരളത്തിന് പുറത്ത് പോയി ഇവിടേക്ക് പണം അയക്കുന്നവർ ഇല്ലായിരുന്നെങ്കിൽ മറ്റെന്ത് വരുമാനം നമുക്കുണ്ടാകുമായിരുന്നു. ഏറ്റവും പാവപ്പെട്ടവരെയാണ് ലോട്ടറി ചൂഷണം ചെയ്യുക.