സര്‍വകലാശാല വിവാദത്തെക്കുറിച്ച് ഗവര്‍ണര്‍ തിരുവനന്തപുരം : സർവകലാശാലകളെ തകർക്കാനാണ് ചിലരുടെ നീക്കങ്ങളെന്നും പരിമിതമായ അധികാരം ഉപയോഗിച്ച് അവയെ സംരക്ഷിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദങ്ങൾ വഴി ആത്യന്തികമായ ദോഷം വിദ്യാർഥികളുടെ ഭാവിക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കെടിയുവിൽ വിസി - സിൻഡിക്കേറ്റ് പോര് രൂക്ഷമാകുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം.
കേരള സാങ്കേതിക സർവകലാശാലയിലെ (കെടിയു) വിസിയും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കത്തെ കുറിച്ച് അറിയില്ലെന്നും അതിനെക്കുറിച്ച് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.സിന്‍ഡിക്കേറ്റ് യോഗം ചേർന്ന് നാലംഗ ഉപസമിതിയെ വെച്ച് സാങ്കേതിക സർവകലാശാലാ വിസിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. വിവാദങ്ങളിൽ കക്ഷി ചേരാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
വിസിയായിരുന്ന ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്‌ടറായ ഡോ. സിസ തോമസിന് താത്കാലിക ചുമതല നൽകി ഗവർണർ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം സാങ്കേതിക സർവകലാശാലയിൽ ദൈനംദിന ഭരണം നടത്താൻ നാലംഗ ഉപസമിതിയെ നിയമിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം വൈസ് ചാൻസലർ തള്ളിയിരുന്നു. സർവകലാശാല നിയമം അനുസരിച്ച് വിസി അംഗീകരിച്ചാൽ മാത്രമേ ഇക്കാര്യം നിലവിൽ വരൂ.
വിസി, സിൻഡിക്കേറ്റ് തർക്കം കടുത്തതോടെ സർവകലാശാലയിലെ ഭരണ പ്രതിസന്ധിയും രൂക്ഷമായി. വിസിക്ക് മുകളിൽ ഉപസമിതിയെ കൊണ്ടുവന്ന് ഭരണ കാര്യങ്ങൾ നിയന്ത്രിക്കാനായിരുന്നു സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് ശ്രമിച്ചത്. സർവകലാശാലയുടെ നിയന്ത്രണം മുൻ എംപി പി.കെ.ബിജു കൂടി ഉൾപ്പെടുന്ന ഇടതുപക്ഷ അംഗങ്ങൾ മാത്രമുള്ള സിൻഡിക്കേറ്റ് ഉപസമിതിയിലേക്ക് എത്തിച്ചേരും വിധമായിരുന്നു തീരുമാനങ്ങൾ.
നിയമ വിരുദ്ധമെന്ന് കാണിച്ചാണ് വി.സി ഡോ.സിസ തോമസ് ഇത് തള്ളിയത്. സർക്കാർ നിർദേശിച്ച പേരുകൾ തള്ളി ഗവർണർ ഡോ. സിസ തോമസിനെ താത്കാലിക വിസിയാക്കിയതിനെ സർവകലാശാലയിലെ ഇടത് അനുകൂലികളടക്കം തുടക്കം മുതൽ എതിർക്കുകയാണ്. സിൻഡിക്കേറ്റ് നിർദേശങ്ങൾ വിസി തള്ളിയതോടെ ഭിന്നതകൾ രൂക്ഷമാകാനാണ് സാധ്യത.