ന്യൂഡല്‍ഹി :കെടിയു സര്‍വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ സ്ഥാനത്തേയ്‌ക്ക് സിസ തോമസിന്‍റെ താത്കാലിക നിയമനം നീക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ തനിക്ക് സുപ്രീം കോടതിയെ സമീപിക്കേണ്ടതില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഹൈക്കോടതിയോ അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു കോടതിയോ ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് പാലിക്കുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
'നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. അതിനാല്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കേണ്ട ആവശ്യമില്ല. സ്ഥിര നിയമനത്തെക്കുറിച്ച് ഹൈക്കോടതി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല' - ഗവര്‍ണര്‍ പറഞ്ഞു.
'സ്ഥിര നിയമന പ്രക്രിയ തികച്ചും വ്യത്യസ്‌തമാണ്. സ്ഥിര നിയമനത്തെക്കുറിച്ച് യാതൊന്നും കോടതി അറിയിക്കാത്തതിനാല്‍ നിലവിലുള്ള രീതികള്‍ തന്നെ തുടര്‍ന്നും പാലിച്ചുപോകുമെന്നും' ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന വിവരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തടസ ഹര്‍ജി ഫയല്‍ ചെയ്‌തതിനെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു മറുപടി. അക്കാര്യം സര്‍ക്കാരിനോട് തന്നെ ചോദിച്ചറിയണമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് മറ്റുള്ളവരില്‍ നിന്ന് നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിസിയെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പേരടങ്ങുന്ന സമിതിയെ നിശ്ചയിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സിസ തോമസിന്‍റെ നിയമനം താത്കാലികമാണെന്ന് അറിയിച്ച് കെടിയു സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ഹൈക്കോടതി കഴിഞ്ഞ ആഴ്‌ച സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
നിയമനം താത്കാലിക സ്വഭാവമുള്ളതാണെന്നും പ്രത്യേക സാഹചര്യത്തില്‍ തയ്യാറാക്കിയതാണെന്നും കോടതി പറഞ്ഞു. പുതിയ വൈസ് ചാന്‍സലറെ നിര്‍ദേശിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പുതിയ പാനല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 29നാണ് കെടിയു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി സിസ തോമസിനോട് തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഉടന്‍ തന്നെ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പുതിയ വൈസ് ചാന്‍സലറെ നിയമിക്കുവാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുവാനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ കെടിയു സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിസ തോമസിനെ താത്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചത്.