തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയ സാഹചര്യത്തിൽ കണ്ണൂർ സർവകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാലയിൽ ഗുരുതരമായ ക്രമക്കേടുകളാണ് നടക്കുന്നതെന്നും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് അധികാരമുള്ളിടത്തോളം കാലം നിയമലംഘനം നടത്താൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
പ്രഥമദൃഷ്‌ട്യാ വളരെ ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമാണ് സർവകലാശാലയിൽ നടക്കുന്നത്. നിയമലംഘനം, മാനദണ്ഡങ്ങൾ ലംഘനം, മര്യാദ ലംഘനം എന്നിവ സർവകലാശാലയുടെ നിയമമാണെന്ന് തോന്നുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.