കേരളം

kerala

ETV Bharat / state

മണിപ്പൂര്‍ കലാപം : ലജ്ജിച്ച് തലതാഴ്‌ത്തുന്നുവെന്ന് ഗവര്‍ണര്‍, നടക്കുന്നത് ആസൂത്രിത ക്രൈസ്‌തവ വേട്ടയെന്ന് മുഖ്യമന്ത്രി

മണിപ്പൂരില്‍ സ്‌ത്രീകളോട് അതിക്രമം നടത്തിയവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മണിപ്പൂരിനെ കലാപ ഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

CM Pinarayi Vijayan on Manipur violence  Governor Arif Mohammed Khan on Manipur violence  Governor Arif Mohammed Khan  Manipur violence  CM Pinarayi Vijayan  Pinarayi Vijayan  മണിപ്പൂര്‍ കലാപം  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  ആരിഫ് മുഹമ്മദ് ഖാന്‍  പിണറായി വിജയന്‍
മണിപ്പൂര്‍ കലാപം

By

Published : Jul 24, 2023, 6:56 AM IST

Updated : Jul 24, 2023, 3:04 PM IST

തിരുവനന്തപുരം : മണിപ്പൂരിൽ കൊടുംക്രൂരതയാണ് നടക്കുന്നതെന്നും കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു. മനുഷ്യ സ്‌ത്രീകളോട് എങ്ങനെയാണ് ഇത്തരത്തിൽ ക്രൂരമായി പെരുമാറുന്നത്. വേദന പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ലെന്നും കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ഗവർണർ പ്രതികരിച്ചു.

അതേസമയം, മണിപ്പൂർ കലാപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമർശനം ഉന്നയിച്ചു. മണിപ്പൂരിൽ ആസൂത്രിതമായ ക്രൈസ്‌തവ വേട്ടയാണ് കലാപത്തിന്‍റെ മറവിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മണിപ്പൂരിനെ കലാപ ഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം. അധികാര രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി വിദ്വേഷം വിതച്ച് കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ എന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കണമെന്നും പിണറായി വിജയന്‍ കുറിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം: മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്‍റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

മണിപ്പൂരിലെ പർവത - താഴ്‌വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് അതിനെ വർഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്‌തവ വേട്ടയാണ് കലാപത്തിന്‍റെ മറവിൽ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്‌തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ച് തകർക്കപ്പെടുന്ന നിലയാണ്.

സമാധാനം പുനഃസ്ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്‍റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു.

മണിപ്പൂരില്‍ സംഭവിക്കുന്നത്:കലാപ കലുഷിതമായ മണിപ്പൂരില്‍രണ്ട് സ്‌ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് നഗ്‌നരാക്കി ജനമധ്യത്തിലൂടെ നടത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. മെയ്‌ 3നാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

സംസ്ഥാനത്തെ കുക്കി- മെയ്‌തി വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. കലാപവും പരസ്‌പര ആക്രമണങ്ങളും കൊടുമ്പിരി കൊണ്ട മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയതോടെ സംസ്ഥാനത്ത് അരങ്ങേറുന്ന സംഭവ വികാസങ്ങളില്‍ പലതും പുറംലോകം അറിയാതായി. അതുകൊണ്ട് തന്നെ സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമം നടന്ന് ദിവസങ്ങള്‍ ഏറെ പിന്നിട്ടതിന് ശേഷമാണ് ഇക്കാര്യം പുത്തറിഞ്ഞത്. സമൂഹ മാധ്യമങ്ങളിലെല്ലാം ഏറെ വൈറലായ ദൃശ്യങ്ങള്‍ക്കതിരെ വന്‍ രോഷമാണ് ഉയര്‍ന്നത്.

Also Read:Manipur Conflict FIR | ആയുധധാരികള്‍ ഇരച്ചെത്തി, വീടുകള്‍ കൊള്ളയടിച്ച് തീയിട്ടു, സ്‌ത്രീകളെ ആക്രമിച്ചു: എഫ്‌ഐആറിട്ട് പൊലീസ്

Last Updated : Jul 24, 2023, 3:04 PM IST

ABOUT THE AUTHOR

...view details