തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനുമായി ഭിന്നതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രിസ്‌മസ് പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നു. രാജ്ഭവനില്‍ വന്നാല്‍ ക്ഷണക്കത്ത് പരിശോധിക്കാം. എന്തുകൊണ്ടാണ് താന്‍ പോകാതിരുന്നത് എന്നത് മാധ്യമങ്ങള്‍ അന്വേഷിക്കണം. താന്‍ ചെയ്യുന്നത് നിയമപരമായ കര്‍ത്തവ്യമാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
കേരളത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കൂവെന്നുള്ള, സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ വെല്ലുവിളിയെ ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. ഇത്തരം കാര്യങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നെങ്കിലും അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ. ആ പരാമര്‍ശത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
പിഎംജിയിലെ മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച ക്രിസ്‌മസ് പുതുവത്സര വിരുന്ന് ജനുവരി 3 നാണ് നടന്നത്. ക്ഷണിക്കപ്പെട്ട നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍, ക്ഷണം ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം സ്പീക്കര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, മതനേതാക്കള്‍ എന്നിവരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. അതേസമയം, കഴിഞ്ഞ വര്‍ഷവും മുഖ്യമന്ത്രി ക്രിസ്‌മസ് പുതുവത്സര വിരുന്ന് ഒരുക്കിയിരുന്നു. 570 പേര്‍ പങ്കെടുത്ത ഈ ചടങ്ങിനായി 9,24,160 രൂപ ആയിരുന്നു സര്‍ക്കാര്‍ ചെലവഴിച്ചത്.