തിരുവനന്തപുരം :കർഷകർക്കായുള്ള കേന്ദ്ര ഫണ്ട് ചിലവഴിച്ചിട്ടുണ്ടെന്നും കർഷകന്‍റെ ആത്മഹത്യയിൽ ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിലെ തകഴിയിൽ ആത്മഹത്യ ചെയ്‌ത കർഷകൻ പ്രസാദിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗവർണർ.
എല്ലാ ജീവനും വിലപ്പെട്ടതാണ്. സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് മുൻപിൽ ഈ വിഷയം ഉന്നയിക്കും. കേന്ദ്ര സർക്കാർ കർഷകർക്ക് നൽകാനുള്ള തുക ചിലവഴിച്ച് കഴിഞ്ഞുവെന്നും ഗവർണർ പറഞ്ഞു. ഈ പ്രശ്‌നത്തിന്‍റെ യഥാർഥ വിഷയം എന്താണെന്ന് പരിശോധിക്കണം. കർഷകർ വലിയ ബുദ്ധിമുട്ട് നേരിടുന്നു. കാര്യങ്ങളിൽ വ്യക്തത വന്നതിന് ശേഷം കഴിയുന്ന നടപടികളിലേക്ക് കടക്കുമെന്നും ഗവർണർ പറഞ്ഞു.
കർഷകന്‍റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് ഗവർണർ രംഗത്തെത്തിയത്. നാടിന് വേണ്ടി എല്ലാവർക്കുമുള്ള ആനുകൂല്യങ്ങൾ സർക്കാർ നിർത്തിവയ്ക്കുന്നു. മാസങ്ങളായി സാമൂഹ്യ സുരക്ഷ പെൻഷനുകൾ നൽകുന്നില്ല, പല ജീവനക്കാരുടെയും ശമ്പളം മുടങ്ങിക്കിടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.