കേരളം

kerala

ETV Bharat / state

'രണ്ടും കല്‍പ്പിച്ച്'; എല്ലാ സീമകളും ലംഘിച്ച് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്

ഗവര്‍ണര്‍ സര്‍ക്കാര്‍ അസ്വാരസ്യങ്ങള്‍ എല്ലാ അതിര്‍വരമ്പുകളും കടന്ന് പരസ്യപ്പോരിലേക്ക്, രാഷ്‌ട്രീയമായി തന്നെ നേരിടാന്‍ സിപിഎം

Governor  Governor and State Government  Governor and State Government inconveniences  CPM  CPM ready to oppose Politically  ഗവര്‍ണര്‍  സര്‍ക്കാര്‍  ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്  എല്ലാ സീമകളും ലംഘിച്ച് ഗവര്‍ണര്‍  ഗവര്‍ണര്‍ സര്‍ക്കാര്‍ അസ്വാരസ്യങ്ങള്‍  രാഷ്‌ട്രീയമായി തന്നെ നേരിടാന്‍ സിപിഎം  സിപിഎം  ആരിഫ് മുഹമ്മദ് ഖാന്‍  മുഖ്യമന്ത്രി  സര്‍വകലാശാല  ഭരണപക്ഷം  രാഷ്‌ട്രീയ കേരളം  Latest kerala news
'രണ്ടും കല്‍പ്പിച്ച്'; എല്ലാ സീമകളും ലംഘിച്ച് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്

By

Published : Sep 19, 2022, 3:50 PM IST

തിരുവനന്തപുരം: ഒളിഞ്ഞും തെളിഞ്ഞും നടന്നിരുന്ന ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് അതിരുകടന്ന് നേരിട്ടുള്ള ആരോപണ പ്രത്യാരോപണങ്ങളിലേക്ക്. സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപണങ്ങള്‍ പലതവണ പലതരത്തില്‍ ഉന്നയിച്ചിരുന്നുവെങ്കിലും അതൊന്നും മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന തരത്തിലേക്ക് നീങ്ങിയിരുന്നില്ല. എന്നാല്‍ സര്‍വകലാശാലകളിലെ വിസി നിയമനങ്ങളും മറ്റ് നിയമനങ്ങളിലുമാണ് മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്ന തരത്തിലേക്ക് ഗവര്‍ണര്‍ എത്തിനില്‍ക്കുന്നത്.

ഇതിന് മുമ്പ് പൗരത്വ ഭേദഗതി നിയമത്തിലടക്കം ഗവര്‍ണര്‍ സര്‍ക്കാര്‍ നിലപാടിന്‍റെ വിരുദ്ധ ചേരിയിലായിരുന്നെങ്കിലും നേരിട്ടൊരു യുദ്ധത്തിന് സര്‍ക്കാര്‍ തയാറാല്ലായിരുന്നു. പൗരത്വ ഭേദഗതിയും കാര്‍ഷിക നിയമങ്ങളും പരാമര്‍ശിച്ചുളള നയപ്രഖ്യാപന പ്രസംഗങ്ങളില്‍ തുടങ്ങിയതാണ് സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍. കേന്ദ്രസര്‍ക്കാറിന്‍റെ ഈ നിയമങ്ങളെ എതിര്‍ക്കുന്ന പരാമര്‍ശങ്ങള്‍ വായിക്കാന്‍ തയാറല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിലപാടിലെത്തിയതോടെ എതിര്‍പ്പോടെ ഗവര്‍ണര്‍ പ്രസംഗം വായിക്കുകയായിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണറെ പ്രതിപക്ഷം തടയുന്ന നിലയെത്തിയപ്പോഴും ഭരണപക്ഷം സംയമന പാതയിലായിരുന്നു. ഈ സംയമന പാതയുടെ തുടര്‍ച്ചയായാണ് ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയാക്കിയുള്ള പുനര്‍ നിയമന തീരുമാനത്തെ ഗവര്‍ണര്‍ അംഗീകരിച്ചത്. എതിര്‍സ്വരം ഉന്നയിച്ചപ്പോള്‍ പലപ്പോഴും മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ഗവര്‍ണറെ അനുനയിപ്പിക്കുന്ന സാഹചര്യവും രാഷ്‌ട്രീയ കേരളം കണ്ടു. എന്നാല്‍ തുടര്‍ സംഭവങ്ങളിലെല്ലാം തന്നെ രാഷ്‌ട്രീയ നിലപാട് ഇരുകൂട്ടരും ശക്തമായി ഉന്നയിച്ചതോടെ ഈ ബന്ധത്തില്‍ വിള്ളലുകളും പ്രകടമായി.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫുകളുടെ പെന്‍ഷന്‍ വിഷയത്തിലും സര്‍വകലാശാല നിയമനങ്ങളിലും ഗവര്‍ണര്‍ വിമര്‍ശനം കടുപ്പിച്ചു. ഇതോടെയാണ് രാഷ്‌ട്രീയമായി തന്നെ പ്രതികരിക്കാമെന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയും ഇടതുമുന്നണിയും എത്തിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി ഗവര്‍ണര്‍ തൃശൂരില്‍ കൂടിക്കാഴ്‌ച കൂടി നടത്തിയതോടെ വിഷയത്തെ രാഷ്‌ട്രീയമായി തന്നെ നേരിടാന്‍ സിപിഎമ്മും ഉറപ്പിച്ചു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വാര്‍ത്താസമ്മേളനം നടത്തി. ഇതിനു പിന്നാലെയാണ് രാഷ്‌ട്രീയ കേരളത്തിന് ഒട്ടും പതിവില്ലാത്ത രീതിയില്‍ ഗവര്‍ണറുടെ സര്‍ക്കാരിനെതിരായ വാര്‍ത്താസമ്മേളനം. ഇതോടെ വിഷയത്തില്‍ ഗവര്‍ണറെ അതേ നിലയില്‍ തന്നെ പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം.

ABOUT THE AUTHOR

...view details