തിരുവനന്തപുരം: കേരള സർവകലാശാല വിസി നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാൻ ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞതിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി ഗവർണർ. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റ് യോഗത്തിന്‍റെ വിവരങ്ങൾ തേടിയിട്ടുണ്ട്. യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളുടെ വിവരങ്ങൾ ഉടൻ നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നവരുടെ വിശദാംശങ്ങൾ തേടി ഗവർണർ - സെനറ്റ് യോഗം
വൈസ് ചാന്‍സലര്‍ നിർണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനായിരുന്നു സെനറ്റ് യോഗം. 21 പേര്‍ വേണ്ടിടത്ത് 13 സെനറ്റ് അംഗങ്ങള്‍ മാത്രമെത്തിയ സാഹചര്യത്തിലാണ് യോഗം ക്വാറം തികയാതെ പിരിഞ്ഞത്
ഗവർണർ നോമിനേറ്റ് ചെയ്‌ത ഒന്‍പത് പേരിൽ ഏഴ് പേരും ഇടത് അംഗങ്ങൾക്കൊപ്പം വിട്ടുനിന്നിരുന്നു. ഇവരെ പിന്‍വലിക്കുന്നതിനൊപ്പം കടുത്ത നടപടികൾ സ്വീകരിക്കാനാണ് സാധ്യത. യുഡിഎഫ് സെനറ്റ് അംഗങ്ങളെ കൂടാതെ വിസിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 21 പേരാണ് ഹാജരാകേണ്ടിയിരുന്നത്.
ഇടത് സെനറ്റ് അംഗങ്ങള്‍ സര്‍വകലാശാല ആസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുത്തില്ല. രാഷ്ട്രീയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിട്ടുനിന്നത്. നടന്ന യോഗം നിയമവിരുദ്ധമെന്നാണ് ഇടതുപക്ഷ സെനറ്റ് അംഗങ്ങളുടെ വിശദീകരണം.