തിരുവനന്തപുരം:സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപന പ്രസംഗം. സിൽവർലൈൻ സംസ്ഥാനത്തിൻ്റെ സ്വപ്‌ന പദ്ധതിയാണ്. ഡിപിആർ അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
കാര്യക്ഷമതയും വേഗതയുമുള്ള യാത്രക്ക് സിൽവർലൈൻ വേണം. സിൽവർലൈൻ വേഗതയും സുരക്ഷിതത്വവുമുള്ള യാത്ര ഉറപ്പാക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനങ്ങൾക്കായി വേഗതയേറിയതും പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് സർക്കാർ ശ്രദ്ധാലുവാണ്. സെമി ഹൈസ്‌പീഡ് റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്‌ടായ പദ്ധതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുമുണ്ട്.
കല്‌പ്പറ്റ വഴിയുള്ള തലശേരി-മൈസൂർ പുതിയ ബ്രോഡ്ഗേജ് റെയിൽ ലൈൻ, നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി എന്നിവ സർക്കാർ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന മറ്റു പദ്ധതികളാണ്. അങ്കമാലി-ശബരി റെയിൽ ലൈനിന്‍റെ 50 ശതമാനം ചെലവ് കൂടി സംസ്ഥാന സർക്കാർ പങ്കിടുമെന്നും ഗവർണർ പറഞ്ഞു. നേരത്തെ സിൽവർലൈൻ സെമി-ഹൈസ്‌പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയിൽ കോർപറേഷനും വ്യക്തമാക്കിയിരുന്നു.
പദ്ധതി ഉപേക്ഷിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെടത്തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ റെയിൽ വ്യക്തമാക്കിയിരുന്നു. സിൽവർലൈൻ ഉപേക്ഷിച്ചെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കെ റെയിലിന്‍റെ പ്രതികരണം. പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും.