തിരുവനന്തപുരം: ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നിരവധിപേരില്‍ നിന്ന് വന്‍തുക തട്ടിയെടുക്കുന്ന തട്ടിപ്പുകാര്‍ക്ക് ജാമ്യം നല്‍കരുതെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാകുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ. വിഷ്‌ണുവാണ് ജാമ്യ ഹര്‍ജികള്‍ പരിഗണിച്ചത്.
ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ് : പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍
നിരവധിപേരില്‍ നിന്ന് വന്‍തുക തട്ടിയെടുക്കുന്നവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതാകുമെന്ന് സര്‍ക്കാര്‍ കോടതിയില്‍
കേസില്‍ അറസ്‌റ്റിലായ ഏക പ്രതി വെള്ളായണി വിവേകാന്ദ നഗര്‍ ഗുരുകൃപ വീട്ടില്‍ കെ. വി. പ്രദീപ് കുമാറിന്‍റെ ജാമ്യഹര്‍ജിയും, കുമാരപുരം അമിതാ ശങ്കര്‍ നഗര്‍ പ്രാര്‍ത്ഥനയില്‍ കെ.വി പ്രസാദ് രാജ്, മെഡിക്കല്‍ കോളജ് ഹൈസ്‌കൂള്‍ ലെയിന്‍ സായിപ്രഭയില്‍ മനോജ് കൃഷ്‌ണ, പത്തനംതിട്ട ഇടയാഠി സ്‌കൂളിന് സമീപം കിഴക്കേകര വീട്ടില്‍ അനില്‍കുമാര്‍, ശ്രീകാര്യം ഗാന്ധിപുരം ചെറുവളളി ലെയിന്‍ ഇന്ദീവരത്തില്‍ മിനിമോള്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. തട്ടിപ്പിന് ഇരയാകുന്നവരുടെ കുട്ടികളെ അവര്‍ക്ക് സ്‌കൂളില്‍ അയക്കാന്‍ കഴിയുന്നില്ല, അവര്‍ ഭക്ഷണത്തിനും വസ്‌ത്രത്തിനുമായി മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുകയോ മോഷണം നടത്തുകയോ ചെയ്യണമെന്ന സ്ഥിതി കോടതിക്ക് അനുവദിക്കാനാകില്ലന്നുള്ള 'ഷംഷൂല്‍ അലംഖാന്‍' കേസിലെ സുപ്രീം കോടതി വിധിന്യായം വായിച്ചാണ് പ്രോസിക്യൂട്ടര്‍ ജാമ്യ ഹര്‍ജിയെ ശക്തമായി എതിര്‍ത്തത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ കോടതി ബുധനാഴ്‌ച വിധി പറയും.
ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന കെ. വി പ്രദീപ് കുമാറിന്‍റെ ജാമ്യ ഹര്‍ജിയിൽ കോടതി വ്യാഴാഴ്‌ച വിധി പറയും. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.