തിരുവനന്തപുരം: ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ആശ്വാസമായി മുടങ്ങിക്കിടന്ന കുടിശിക തീർക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്‍റെ ഭാഗമായി ഉച്ചഭക്ഷണ തൊഴിലാളികൾക്ക് രണ്ടാഴ്‌ചക്കകം ഓണറേറിയം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേന്ദ്രം പദ്ധതി വിഹിതം നൽകാതെ ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാന വിഹിതം ഉപയോഗിച്ച് ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിരക്കിൽ പാചക തൊഴിലാളികൾക്ക് ഓണറേറിയം നൽകുന്നത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.
വലച്ചത് കേന്ദ്രം:സ്‌കൂൾ പ്രവർത്തി ദിനം 600 രൂപ മുതൽ 675 വരെയാണ് തൊഴിലാളികൾക്ക് ഓണറേറിയമായി നൽകുന്നത്. ഇതുപ്രകാരം ശരാശരി 20 പ്രവർത്തി ദിനങ്ങൾ വരുന്ന ഒരു മാസത്തിൽ 12,000 രൂപ മുതൽ 13,500 രൂപ വരെ തൊഴിലാളിക്ക് കേരളത്തിൽ ലഭിക്കുന്നു. ഉച്ചഭക്ഷണ പദ്ധതി കേന്ദ്രവുമായി സഹകരിച്ച് ചെയ്യുന്നതിനാൽ കേന്ദ്ര വിഹിതവും കൂടി ചേർത്താണ് തൊഴിലാളികൾക്ക് ഓണറേറിയം നൽകുന്നതെന്നും രണ്ടാം ഗഡു കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ വരുത്തുന്ന കാലതാമസമാണ് തൊഴിലാളികൾക്ക് കൃത്യമായ രീതിയിൽ ഓണറേറിയം കൊടുക്കാൻ കഴിയാത്തതെന്നും മന്ത്രി വ്യക്തമാക്കി.
ഈ വർഷം ഉച്ചഭക്ഷണ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് ആകെ 292.54 കോടി രൂപ നൽകേണ്ടയിടത്ത് വെറും 167.38 കോടി രൂപ മാത്രമാണ് ലഭിച്ചത്. പുതിയ സാമ്പത്തിക വർഷത്തിന് ദിവസങ്ങൾ മാത്രമായിട്ടും അർഹമായ 125.16 കോടി രൂപ നൽകാതെ കേന്ദ്രം സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു. തുക റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പ്രൊപ്പോസലുകളും ആഭ്യന്തര ധനകാര്യ വിഭാഗം തടസവാദങ്ങൾ ഉന്നയിച്ച് മടക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാന വിഹിതത്തിൽ നിന്നും 55.05 കോടി: എന്നാൽ ഈ അസാധാരണ സാഹചര്യത്തിലും ഉച്ചഭക്ഷണ തൊഴിലാളികൾക്ക് നവംബർ വരെ പൂർണമായും ഡിസംബറിൽ ഭാഗികമായും ഓണറേറിയം നൽകാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. ഇതിനായി 106 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. പുറമെ 2022 ഏപ്രിൽ മേയ് മാസങ്ങളിൽ 5.5 കോടി അധിക ചെലവിൽ 2000 രൂപ വീതം തൊഴിലാളികൾക്ക് സമാശ്വാസമായി നൽകുകയും ചെയ്‌തു. ഇതോടൊപ്പം ഡിസംബറിൽ കുടിശ്ശിക വേതനവും ജനുവരിയിലെ മുഴുവൻ വേതനവും നൽകുന്നതിനായി ഇപ്പോൾ 55.05 കോടി രൂപ സംസ്ഥാന വിഹിതത്തിൽ നിന്നും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര വിഹിതം ലഭ്യമാകുന്ന മുറയ്ക്ക് ഫെബ്രുവരിയിലെ ഓണറേറിയവും തൊഴിലാളികൾക്ക് നൽകുമെന്നും ഇതിനായി തീവ്ര ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുമ്പ് പ്രതിഷേധം:കഴിഞ്ഞ നവംബറില്‍ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയും പാചകത്തൊഴിലും സംരക്ഷിക്കുക എന്നാവശ്യമുന്നയിച്ച് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ കലമുടയ്ക്കൽ സമരം സംഘടിപ്പിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടന്ന സമരം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്‌തത്. 500 കുട്ടികൾക്ക് വരെ ഭക്ഷണം ഉണ്ടാക്കുന്നതിന് സ്‌കൂളുകളില്‍ ഒരു പാചകത്തൊഴിലാളി മാത്രമാണ് നിലവിലുള്ളതെന്നും ഇവർക്ക് പോലും അർഹമായ വേതനം ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ സമരത്തില്‍ ഉന്നയിച്ചിരുന്നു. ഒരു സഹായിയെ നിയമിച്ചാൽ സ്വന്തം കൈയിൽ നിന്ന് കാശ് നൽകേണ്ട അവസ്ഥയാണുള്ളതെന്നും തൊഴിലാളികൾക്ക് ഇഎസ്‌ഐയും പിഎഫും നൽകുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഇത് നടപ്പിലാക്കിയിട്ടില്ലെന്നും പാചകത്തൊഴിലാളി യൂണിയൻ കുറ്റപ്പെടുത്തിയിരുന്നു.