തിരുവനന്തപുരം:കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ക്കിടെ പ്രതിപക്ഷവുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. കേരളത്തോടുള്ള കേന്ദ്ര അവഗണന സംബന്ധിച്ചാകും പ്രതിപക്ഷവുമായി ചര്‍ച്ച നടക്കുക. ജനുവരി 15ന് രാവിലെ 10 ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ എന്നിവരും പങ്കെടുക്കും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം സംബന്ധിച്ചാണ് പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. താനും പികെ കുഞ്ഞാലിക്കുട്ടിയും ഓണ്‍ലൈനായാകും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്നും അദ്ദേഹം അറിയിച്ചു. "സര്‍ക്കാര്‍ അവര്‍ക്കു പറയാനുള്ളതു പറയട്ടെ, പ്രതിപക്ഷത്തിനു പറയാനുള്ളത് തങ്ങള്‍ക്കും പറയാമല്ലോ." പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണം സംസ്ഥാന സര്‍ക്കാരിന്‍റെ ധൂര്‍ത്തും പിടിപ്പു കേടുമാണ്. അത് കേന്ദ്രത്തിന്‍റെ തലയില്‍ ചാരി രക്ഷപ്പെടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ സമ്മേളനകാലത്തിന് മുന്നോടിയായി കേരളത്തിലെ എംപിമാരോട് ചര്‍ച്ച നടത്തുന്ന പതിവു പോലും സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇത് കേരളത്തിലെ എംപിമാരില്‍ ഭൂരിപക്ഷം പേരും യുഡിഎഫ് ആയതു കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.