തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്‍റെ ഭാഗമായി ഞായറാഴ്‌ച പ്രവര്‍ത്തിച്ച് സര്‍ക്കാര്‍ ഓഫിസുകള്‍. സെക്രട്ടേറിയറ്റ്, കലക്‌ടറേറ്റ്, പഞ്ചായത്ത് ഓഫിസ് ജീവനക്കാരാണ് ഫയലുകൾ തീർപ്പാക്കുന്നതിനായി പൊതു അവധി ദിവസവും ജോലിക്കെത്തിയത്. സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
ഫയൽ തീർപ്പാക്കൽ യജ്ഞം; ഞായറാഴ്‌ചയും ജോലി ചെയ്‌ത് സര്‍ക്കാര്‍ ജീവനക്കാര്‍
ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടെ എഴുപത് ശതമാനത്തിലേറെ ജീവനക്കാര്‍ ഹാജരായി
മുഖ്യമന്ത്രിയുടെ നിർദേശത്തോട് എല്ലാ സംഘടനകളും അനുകൂലമായാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് അവധി ദിനത്തിൽ ജോലിക്കെത്തിയ മുഴുവൻ ജീവനക്കാരെയും മന്ത്രി എം.വി ഗോവിന്ദൻ അഭിനന്ദിച്ചു. പ്രതികൂല കാലാവസ്ഥയിലും സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടെ എഴുപത് ശതമാനത്തിലേറെപ്പേര്‍ ഹാജരായി.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്ത് ഓഫിസുകളും 87 മുനിസിപ്പാലിറ്റി ഓഫിസുകളും 6 കോർപ്പറേഷൻ ഓഫിസുകളും ഞായറാഴ്‌ച പ്രവർത്തിച്ചു. ആകെ 34,995 ഫയലുകൾ തീർപ്പാക്കി. പഞ്ചായത്തുകളിൽ 33231 ഫയലുകളും, മുനിസിപ്പൽ- കോർപ്പറേഷൻ ഓഫിസുകളിൽ 1764 ഫയലുകളുമാണ് തീർപ്പാക്കിയത്.