കേരളം

kerala

ETV Bharat / state

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സൗജന്യ ചികിത്സ; മെഡിസെപ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

kerala medical insurance  government medisep project  kerala latest news  സർക്കാർ ജീവനക്കാർക്ക് സൗജന്യ ചികിത്സ  കേരള വാര്‍ത്തകള്‍  മെഡിസെപ് പദ്ധതിക്ക് അംഗീകാരം  മന്ത്രിസഭാ തീരുമാനങ്ങള്‍  cabinet meeting and decisions
മെഡിസെപ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

By

Published : Dec 22, 2021, 2:19 PM IST

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2022 ജനുവരി 1 മുതല്‍ പദ്ധതി നടപ്പാക്കും. പദ്ധതിയില്‍ അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണ്.

നിലവിലുള്ള രോഗങ്ങള്‍ക്കുള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സകള്‍ക്ക് പണരഹിത ചികിത്സ നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍, പാര്‍ട് ടൈം അധ്യാപകര്‍, എയ്‌ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള അധ്യാപക - അനധ്യാപക ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും അവരുടെ ആശ്രിതരും നിര്‍ബന്ധിത അടിസ്ഥാനത്തിലും സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

ALSO READ ഭീമൻ ക്രിസ്‌മസ് ട്രീ എത്തി: ക്രെംലിൻ കത്തീഡ്രൽ സ്ക്വയറിൽ ക്രിസ്‌മസ് ആഘോഷം- വീഡിയോ

മുന്‍ എം.എല്‍.എ.മാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ധനസഹായം സ്വീകരിക്കുന്ന സര്‍വകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളിലെ ചെയര്‍മാന്‍മാര്‍ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണല്‍ സ്റ്റാഫ്, പേഴ്സണല്‍ സ്റ്റാഫ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ ഇന്‍ഷുറന്‍സ് പ്രീമിയം 500 രൂപയായിരിക്കും. എംപാനല്‍ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാല്‍, ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.

ALSO READ PT Thomas: പിന്നിട്ടത് കനല്‍ വഴികള്‍; വിട്ടുവീഴ്‌ചയില്ലാത്തത് ആദര്‍ശത്തില്‍

ഒ.പി. വിഭാഗ ചികിത്സകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ കേരള ഗവണ്‍മെന്‍റ് സെര്‍വന്‍റ് മെഡിക്കല്‍ അറ്റന്‍ഡന്‍റ് ചട്ടങ്ങള്‍ക്കു വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലെയും, തിരുവനന്തപുരം ആര്‍.സി.സി., ശ്രീചിത്ര, മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍, കൊച്ചിന്‍ ക്യാന്‍സര്‍ സെന്‍റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലെയും ഒ.പി. ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കല്‍ റി-ഇമ്പേഴ്സ്മെന്റ് സമ്പ്രദായം തുടരും.

ഓരോ കുടുംബത്തിനും മൂന്ന് വര്‍ഷത്തെ പോളിസി പരിധിക്കകത്ത് പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ നല്‍കുക. ഓരോ വര്‍ഷവും നിശ്ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ അതതു വര്‍ഷം നഷ്ടമാകും. ഫ്ളോട്ടര്‍ തുകയായ 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കില്‍ പോളിസിയുടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്‍റല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയാണ് പദ്ധതി നടത്തിപ്പിന് ഏല്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ത്രിതല സംവിധാനത്തിന് രൂപം നല്‍കും. പദ്ധതി നടത്തിപ്പ് ധനകാര്യ വകുപ്പിനു കീഴില്‍ സംസ്ഥാന നോഡല്‍ സെല്ലില്‍ നിക്ഷിപ്തമായിരിക്കും.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ മൂന്ന് ഗവണ്‍മെന്‍റ് പ്ലീഡര്‍മാരെ നിയമിക്കുവാന്‍ തീരുമാനിച്ചു. അഡ്വ. ശ്രീജ തുളസി, അഡ്വ. ശങ്കര്‍ലാല്‍ ബി.എസ്, അഡ്വ. എ. രഞ്ജിത്ത് എന്നിവരെയാണ് നിയമിക്കുവാന്‍ തീരുമാനിച്ചത്.

മലപ്പുറം സഹകരണ സ്പിന്നിംഗ് മില്ലിനുവേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നെടുത്ത രണ്ടു കോടി 30 ലക്ഷം രൂപയുടെ പ്രവര്‍ത്തന മൂലധന വായ്പയുടെ ഗവണ്‍മെന്‍റ് ഗ്യാരന്‍റി കാലാവധി 01.01.2022 മുതല്‍ 31.12.2025 വരെ നാലു വര്‍ഷത്തേക്ക് നീട്ടുന്നതിനും ഗ്യാരന്‍റി പത്രം ഒപ്പുവയ്ക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.

തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി രണ്ടാം ഘട്ടം നേമം മുതല്‍ നെയ്യാറ്റിന്‍കര വരെയും (7.6060 ഹെക്ടര്‍ ഭൂമി) മൂന്നാം ഘട്ടം നെയ്യാറ്റിന്‍കര മുതല്‍ പാറശ്ശാല വരെയും (11.8930 ഹെക്ടര്‍ ഭൂമി) സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രമായി 21 തസ്തികകള്‍ വീതമുള്ള രണ്ട് സ്പെഷ്യല്‍ തഹസീല്‍ദാര്‍ ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ALSO READമനുഷ്യത്വം മരവിച്ചപ്പോൾ, ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം സംരക്ഷിച്ച് നായ

ABOUT THE AUTHOR

...view details