തിരുവനന്തപുരം:സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍. കിറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. സര്‍ക്കാറിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുമുണ്ട്.
മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് സര്‍ക്കാര്‍ സൗജന്യ കിറ്റ് വിതരണം തുടങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളടക്കം മാറ്റിയ സാഹചര്യത്തില്‍ കിറ്റ് വിതരണം നിര്‍ത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങിയിരുന്നു.
കിറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ്
കിറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കെങ്കിലും ഭക്ഷ്യക്കിറ്റ് നല്‍കണമെന്നാണ് ഭക്ഷ്യവകുപ്പ് നിര്‍ദേശം. ഓണക്കാലത്തു തന്നെ കിറ്റ് വിതരണം അവസാനിപ്പിക്കണമെന്ന് ധനവകുപ്പ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് സര്‍ക്കാര്‍ തീരുമാനം കിറ്റ് വിതരണം തുടരട്ടെ എന്നായിരുന്നു.
സംസ്ഥാനത്ത് ഇതുവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. വിതരണം ചെയ്ത 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ കിറ്റ് വിതരണം തുടരണമൊ വേണ്ടയോ എന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചയാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
കൂടുതല്‍ വായനക്ക്: സംസ്ഥാന മന്ത്രിസഭ യോഗം: സ്കൂൾ, കോളജ് തുറക്കലും തിയേറ്ററുകൾ തുറക്കുന്നതും ചർച്ചയാകും