തിരുവനന്തപുരം :പ്ലസ് വൺ സീറ്റ് വർധന സംബന്ധിച്ച് പുതുക്കിയ ഉത്തരവിറക്കി സർക്കാർ. സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ചുള്ള ഉത്തരവാണ് പുറത്തുവന്നത്.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചത്. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. എയ്ഡഡ് സ്കൂളുകള്‍ ആവശ്യപ്പടുന്ന മുറയ്ക്ക് പത്ത് ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കും.
കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞവര്‍ഷം താത്കാലികമായി അനുവദിച്ച 79 ഉള്‍പ്പടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാനും സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതിയായി. അതേസമയം സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് നാളെ മുതൽ 18 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ് ഇതിനായി ഒരുക്കിയത്. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസമില്ല. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.