തിരുവനന്തപുരം: ആശ്രിത നിയമനം നേടിയ ശേഷം ഉറപ്പുകള്‍ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നല്കി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്.
ഇതുപ്രകാരം ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് 25 ശതമാനം തുക പിടിച്ചെടുക്കും. ഈ തുക അര്‍ഹരായ ആശ്രിതര്‍ക്ക് നല്‍കാനാണ് തീരുമാനം.ഇതിനായി നിയമനാധികാരികളെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും. മാത്രമല്ല സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുത്തില്ലെങ്കില്‍ പരാതി നല്‍കാം. ഉദ്യോഗസ്ഥന്റെ നിയമനാധികാരിക്കാണ് ആശ്രിതര്‍ രേഖാമൂലം പരാതി നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തിയ ശേഷമാകും തീരുമാനമെടുക്കുക.
വ്യവസ്ഥ ലംഘിച്ചവരെ എങ്ങനെ തിരിച്ചറിയും:ആശ്രിതര്‍ ഉന്നയിക്കുന്ന പരാതി തഹസില്‍ദാര്‍ മുഖേനയാണ് അന്വേഷണം നടത്തുക. തഹസീല്‍ദാര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ശമ്പളം പിടിക്കല്‍ സംബന്ധിച്ച് നിയമനാധികാരി അന്തിമ തീരുമാനമെടുക്കുക. റിപ്പോര്‍ട്ട് ജീവനക്കാരന് എതിരാണെങ്കില്‍ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം പ്രതിമാസം പിടിച്ചെടുക്കും. ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലാകും പിടിച്ചെടുക്കുന്ന തുക നിക്ഷേപിക്കുക.
ആക്ഷേപത്തില്‍ അപ്പീലും സമര്‍പ്പിക്കാം:തഹസില്‍ദാരുടെ അന്വേഷണത്തില്‍ ആക്ഷേപമുള്ള ജീവനക്കാര്‍ക്ക് അപ്പീല്‍ നല്‍കാനും അവസരം നല്‍കും. ജില്ല കലക്ടര്‍ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ഇത്തരത്തില്‍ പാരാതി നല്‍കുന്നതിന് സമയ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്കി മൂന്ന് മാസത്തിനകം അപ്പീല്‍ നല്‍കണം. ജീവനക്കാരന് നല്കിയ അപ്പീലില്‍ ജില്ല കലക്ടര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.