തിരുവനന്തപുരം: എല്ലാ മാസവും ഒന്നാം തീയതി സംസ്ഥാനത്ത് നിലവിലുള്ള വിദേശ മദ്യത്തിന്‍റെ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ നീക്കം. ബിവറേജസിന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും മദ്യ വില്‍പനശാലകളും ബാറുകളും ഒന്നാം തീയതിയും തുറന്ന് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍ - dry day decision
അബ്‌കാരി നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തും
ഇതില്‍ വിവിധ വകുപ്പുകളുടെ അഭിപ്രായം അന്വേഷിച്ച് സര്‍ക്കാര്‍ നീക്കം തുടങ്ങി. അബ്‌കാരി നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തും. ശമ്പളദിവസം കണക്കിലെടുത്താണ് പ്രധാനമായും ഒന്നാം തീയതി ഡ്രൈ ഡേയായി മാറ്റിയത്. എന്നാല്‍ 31ന് മദ്യ വില്‌പന കുത്തനെ ഉയരുന്നതായാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്.ഈ റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ മദ്യ ഉപഭോഗം കുറക്കാന്‍ ഡ്രൈ ഡേ നടപ്പിലാക്കുന്നതുകൊണ്ട് സാധിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ വാദം. വിനോദസഞ്ചാര മേഖലയുടെ നിരന്തരമായ ആവശ്യവും ഡ്രൈ ഡേ പിന്‍വലിക്കുന്ന തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഒന്നാം തീയതി മദ്യമില്ലെന്ന തീരുമാനത്തെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നും ഇത് ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് ഈ മേഖലയില്‍ നിന്നുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചത്.
ഡ്രൈ ഡേ മാറ്റുന്നതോടെ മദ്യ വില്‍പനശാലകളുടെ പ്രവര്‍ത്തന ദിവസങ്ങള്‍ കൂടും. ഇത് സാമ്പത്തികമാന്ദ്യം നേരിടുന്ന സര്‍ക്കാര്‍ ഖജനാവിനും ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തില്‍ നിക്ഷേപത്തിനെത്തിയ പല കോര്‍പ്പറേറ്റുകളും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. ഇവയെല്ലാം കൂടി പരിശോധിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ എക്സൈസ് മന്ത്രിയായിരുന്ന ടി.ശിവദാസ മേനോന്‍ നടപ്പിലാക്കിയ തീരുമാനമായിരുന്നു ഡ്രൈ ഡേ.