തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ സർക്കാർ ഡോക്ടർമാരുടെ അനിശ്ചിതകാല നിൽപ്പുസമരം. സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂർണമായും നിർത്തലാക്കി എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതടക്കം വിവിധ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചെടുത്തതിനെതിരെയാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. അടിയന്തിര ചികിത്സ സംവിധാനത്തെ ബാധിക്കാത്ത തരത്തിലാണ് പ്രതിഷേധം.
10 മാസമായി തുടരുന്ന പ്രതിഷേധങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ഡോക്ടർമാർ സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത്. വിഐപി ഡ്യൂട്ടികളും അവലോകന യോഗങ്ങളും പരിശീലനങ്ങളും ഇ-സഞ്ജീവനി ജോലികളും ബഹിഷ്കരിച്ചാണ് സമരം.