തിരുവനന്തപുരം: ഡോക്ടേഴ്‌സ് ഡേ ആയ ഇന്ന് പ്രതിഷേധ സമരവുമായി സർക്കാർ ഡോക്‌ടർന്മാർ രംഗത്ത്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തിൽ സഹന സമരവുമായാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഒരു മണിക്കൂർ അധികം ജോലി ചെയ്‌താണ് കെജിഎംഒഎയുടെ സമരം. കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യവും കുടുംബത്തിന്‍റെ ആരോഗ്യവും അവഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ വേണ്ട വിധത്തിൽ സർക്കാർ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. പ്രധാനമായും ആറ് ആവശ്യങ്ങളാണ് കെജിഎംഒഎ മുന്നോട്ട് വെക്കുന്നത്.
ഡോക്ടേഴ്സ് ഡേയിൽ പ്രതിഷേധവുമായി സർക്കാർ ഡോക്‌ടർന്മാർ - കെജിഎംഒ
ഒരു മണിക്കൂർ അധികം ജോലി ചെയ്‌താണ് കെജിഎംഒ സമരത്തിനൊരുങ്ങുന്നത്.
സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ നിന്നും ആരോഗ്യപ്രവർത്തകരെ ഒഴിവാക്കുക, മൂന്നര മാസമായി തുടർച്ചയായി ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ഇൻസെന്‍റീവ് നൽകുക, പ്രധാന ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാതിരിക്കുന്നതിന് വേണ്ടി മുടങ്ങി കിടക്കുന്ന ഫണ്ട് അനുവദിക്കുക, കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആവശ്യമായ ഡോക്‌ടന്മാരെയും മറ്റു ജീവനക്കാരെയും താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുക, അവധി ദിനങ്ങളിൽ ജോലിചെയ്യുന്ന ചാർജ് മെഡിക്കൽ ഓഫീസർന്മാർക്ക് കോമ്പൻസേറ്ററി അവധി നൽകുക, ആരോഗ്യ പ്രവർത്തകർക്ക് ആവശ്യത്തിന് വിശ്രമം നൽകുക തുടങ്ങിയവയാണ് കെജിഎംഒഎ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങൾ.
പ്രതിഷേധത്തിന്‍റെ ഭാഗമായി ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാത്ത രീതിയിൽ പത്ത് ഡോക്‌ടന്മാർ വീതം പങ്കെടുക്കുന്ന പ്രതിഷേധ ധർണയും സംഘടിപ്പിക്കും.