തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പ്രതിഷേധ സൂചകമായി ഗാന്ധിജയന്തി ദിനമായ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ ധർണ നടത്തി. തിങ്കളാഴ്‌ച മുതൽ നിസ്സഹകരണ സമരവും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് നെടുംതൂണായി പ്രവർത്തിച്ചിട്ടും സർക്കാർ ഡോക്‌ടർമാർ വലിയ അവഗണനയാണ് നേരിടുന്നതെന്ന് കെ.ജി.എം.ഒ.എ ആരോപിച്ചു. ന്യായമായും ലഭിക്കേണ്ട റിസ്‌ക് അലവൻസ് ലഭിച്ചിട്ടില്ല. ശമ്പള പരിഷ്‌കരണം വന്നപ്പോൾ ആനുപാതികമായ വർധനവിന് പകരം ലഭ്യമായി കൊണ്ടിരുന്ന പല അലവൻസുകളും നിഷേധിച്ചു. എൻട്രി കേഡറിൽ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും പേഴ്‌സണൽ പേ നിർത്തലാക്കിയതുമടക്കം സർക്കാർ ഡോക്‌ടർമാരെ അവഗണിക്കുകയാണെന്നാണ് സംഘടനയുടെ ആരോപണം.