തിരുവനന്തപുരം : മുതലപ്പൊഴിയില്‍ ഇന്ന് മുതല്‍ പാറകള്‍ നീക്കി തുടങ്ങും. ലോങ് ബൂം ക്രെയിനുകള്‍ എത്തിച്ചാകും നടപടികള്‍. തിങ്കളാഴ്‌ച ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു മുതലപ്പൊഴിയില്‍ ഇന്ന് മുതല്‍ ഡ്രെഡ്‌ജിങ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാമെന്ന് അദാനി പോര്‍ട്ട് പ്രതിനിധികള്‍ സര്‍ക്കാരിന് ഉറപ്പ് നൽകിയത്.
യുദ്ധകാലാടിസ്ഥാനത്തില്‍ ഡ്രെഡ്‌ജിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഇന്നലെ അദാനി ഗ്രൂപ്പിന് നിര്‍ദ്ദേശം നൽകിയിരുന്നു. മണ്‍സൂണായതിനാലാണ് ഡ്രെഡ്‌ജര്‍ സ്ഥലത്ത് എത്തിക്കാന്‍ കഴിയാത്തതെന്നും, അതിനാലാണ് വൈകിയതെന്നുമായിരുന്നു ഇന്നലത്തെ യോഗത്തില്‍ അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണം.
എംഒയു പ്രകാരം 2024 വരെ ഹാര്‍ബറില്‍ ഡ്രെഡ്‌ജിങ് നടത്താനുള്ള ചുമതല അദാനി ഗ്രൂപ്പിനാണ്. എന്നാല്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ അദാനി ഗ്രൂപ്പ് ഡ്രെഡ്‌ജിങ് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതിന് പുറമെ മുതലപ്പൊഴിയില്‍ 120 മീറ്ററോളം പുലിമുട്ട് തകര്‍ന്ന് പാറകള്‍ കിടക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാണ്. ഇതും ഇന്ന് മുതല്‍ നീക്കം ചെയ്‌ത് തുടങ്ങും.
യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍ :മുതലപ്പൊഴിയില്‍ അപകട സാഹചര്യത്തില്‍ അടിയന്തര സേവനത്തിനായി 24 മണിക്കൂറും 8 മണിക്കൂര്‍ വീതം ഷിഫ്റ്റുകളിലായി 10 പേരെ വീതം നിയോഗിക്കും. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്ന് തന്നെ മുങ്ങല്‍ വിദഗ്‌ധരായ 30 പേരെ ഇതിനായി ചുമതലപ്പെടുത്തും. 6 ഹൈമാസ്‌റ്റ് ലൈറ്റുകള്‍ അടിയന്തരമായി മുതലപ്പൊഴിയില്‍ സ്ഥാപിക്കും.