തിരുവനന്തപുരം : ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളിലെ ആളുകളുടെ പട്ടിക തയ്യാറാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കാലവർഷ മുന്നൊരുക്ക യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. വില്ലേജ് ഓഫിസർ, പൊലീസ്, ഫയർ ഫോഴ്‌സ്, ജില്ല ദുരന്തനിവാരണ അതോറിറ്റി എന്നിവയ്ക്ക് പട്ടിക കൈമാറണം. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് ആളുകളെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സിവിൽ ഡിഫൻസ് സന്നദ്ധ സേന മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം. രാഷ്ട്രീയ പശ്ചാത്തലം വെളിപ്പെടുത്തുന്ന മുദ്രകളുമായി സന്നദ്ധ പ്രവർത്തനത്തിന് വരാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മഴ മുന്നൊരുക്കങ്ങൾ; ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പുകൾ ആയി തിരഞ്ഞെടുത്ത കെട്ടിടങ്ങളും അങ്ങോട്ടുള്ള സുരക്ഷിത വഴികളും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. മഴ ശക്തമായ സാഹചര്യത്തിൽ മുന്നൊരുക്കം ദ്രുതഗതിയിൽ പൂർത്തീകരിക്കാനാണ് നിർദേശം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കൺട്രോൾ റൂമുകൾ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കണം.
Also read: സംസ്ഥാനത്ത് ശനിയാഴ്‌ച വരെ കനത്ത മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കൺട്രോൾ റൂമിലെ ടെലിഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക് ജില്ലാതല ദുരന്തനിവാരണ കൺട്രോൾ റൂമുകളുമായി ചേർന്നുവേണം തദ്ദേശ സ്ഥാപന കൺട്രോൾ റൂമുകളുടെ പ്രവർത്തനം. മഴക്കാലപൂർവ ശുചീകരണം മെയ് 22 മുതൽ 29 വരെ നടത്തും. പരിപാടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം. വീടുകളിലും ഓഫിസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു.