തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വീണ്ടും നൂറുദിന പരിപാടി പ്രഖ്യാപിച്ച് സർക്കാർ. നൂറുദിന പരിപാടിയിൽ ആകെ 1,557 പദ്ധതികളും 17,183.89 കോടി രൂപയുടെ വകയിരുത്തലുമാണുള്ളത്. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷിക ദിനമായ മെയ് 20 വരെ നൂറുദിന പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുൻ സർക്കാരും രണ്ടുതവണയായി 100 ദിന പരിപാടികൾ പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പാക്കിയിരുന്നു. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴിൽമേഖലകളിൽ ഗണ്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ മുൻപ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ടുവരും, 464714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും, ഉന്നതനിലവാരത്തിലുള്ള 53 സ്‌കൂളുകൾ നാടിന് സമർപ്പിക്കും.
ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമിക്കും, സംസ്ഥാനത്താകെ വാതിൽപടി സംവിധാനം കൊണ്ടുവരും, എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ, 23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടല്‍, ഇടുക്കിയിൽ എയർസ്ട്രിപ്പ് ഉദ്ഘാടനം , കിഫ്ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കല്‍, കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായലിൽ ബണ്ടു നിർമാണം, മത്സ്യത്തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം തുടങ്ങിയവയാണ് രണ്ടാം 100 ദിന കർമ്മപരിപാടിയിലെ പ്രധാന പ്രഖ്യാപനങ്ങൾ.