തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന വിവാദമുൾപ്പെടെയുള്ള വിഷയങ്ങളുയർത്തിയുള്ള പ്രതിപക്ഷ യുവജന സംഘടനകളുടെ സമരത്തെ സർക്കാർ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായാണ് നേരിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ മുന്നറിയിപ്പില്ലാതെ ഗ്രനേഡ് പ്രയോഗിച്ചു. ഒരു പ്രവർത്തകൻ്റെ കാല് തകർന്നു.
ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ പോലും പൊലീസ് തയ്യാറായില്ല. ഇതിനെതിരെ നടപടി വേണമെന്നും സതീശൻ സബ്‌മിഷനിൽ ഉന്നയിച്ചു. അതേസമയം മുഖ്യമന്ത്രിക്കായി മറുപടി നൽകിയ മന്ത്രി കെ രാധാക്യഷ്‌ണൻ ഇതെല്ലാം നിഷേധിച്ചു.
150 ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേരെ കല്ലേറ് നടത്തി. മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതെ സ്ഥലത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ച സന്ദർഭത്തിലാണ് ഗ്രനേഡ് പ്രയോഗിച്ചത്.
അതിൽ ഒരു പ്രവർത്തകന്‍റെ ഇടതുകാലിന് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകനെ പൊലീസ് ചികിത്സയ്‌ക്കായി ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. മാർച്ചിനെത്തുടർന്നുണ്ടായ സംഭവത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ക്രൈം 1181/22 ആയി കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണെന്നും മറുപടിയിൽ വ്യക്തമാക്കി. വിഷയത്തിൽ ഇതോടെ ഷാഫി പറമ്പിൽ അടക്കമുള്ള എം എൽ എമാർ പ്രതിഷേധം ഉന്നയിച്ചിരിക്കുകയാണ്.