തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമം സംബന്ധിച്ച ഓർഡിനൻസിൽ സർക്കാർ വിജ്ഞാപനമിറങ്ങി. 2012 ലെ കേരള ആരോഗ്യരക്ഷ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും സംരക്ഷിക്കൽ നിയമം ഭേദഗതി ചെയ്‌താണ് പുതിയ ഓർഡിനൻസ്. മന്ത്രിസഭായോഗം അംഗീകരിച്ച ഓർഡിനൻസിൽ കഴിഞ്ഞ ദിവസം ഗവർണർ ഒപ്പുവച്ചിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ നിയമം സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്.
ആശുപത്രിയിലെ അതിക്രമങ്ങൾക്കും വാക്കാലുള്ള അധിക്ഷേപത്തിനും ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ആരോഗ്യ മേഖലയിലെ മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പടെ മുഴുവൻ ജീവനക്കാർക്കും സുരക്ഷാ പരിരക്ഷ ഉറപ്പാക്കുന്ന നിയമത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ആശുപത്രികളിൽ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതൽ ഏഴ് വർഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
നിയമ പരിരക്ഷയിൽ കൂടുതൽ പേർ : അതിക്രമത്തിന്‍റെ കാഠിന്യമനുസരിച്ച് ശിക്ഷയും വർധിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്‌ക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. വാക്കാൽ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടർമാർ, നഴ്‌സുമാർ, മെഡിക്കൽ നഴ്‌സിംഗ് വിദ്യാർഥികൾ, പാരാ മെഡിക്കൽ ജീവനക്കാർ എന്നിവർ കൂടാതെ മിനിസ്റ്റീരിയൽ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയിൽ കൊണ്ടുവന്നിട്ടുണ്ട്.
ആരോഗ്യ രക്ഷാസ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്‌തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്‍റെ ഭാഗമാകും. കൂടുതൽ പേരെ പിന്നീട് നിയമ പരിരക്ഷയിൽ കൊണ്ടുവരാനുള്ള വകുപ്പും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.