തിരുവനന്തപുരം: ജില്ലയിലെ കുളത്തൂർ, ആറ്റിപ്ര മേഖലകളിൽ ഗുണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ വീടും ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും അടിച്ചു തകർത്തു. കുളത്തൂർ മുറിയൻ വിളാകത്ത് വീട്ടിൽ റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരനായ പ്രകാശന്‍റെ വീട്ടിലാണ് അക്രമം നടന്നത്. അക്രമം നടക്കുമ്പോൾ പ്രകാശന്‍റെ മകൾ പ്രിയങ്ക ( 27) പ്രിയങ്കയുടെ 11കാരിയായ മകൾ ശ്രീലക്ഷ്മി എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
തിരുവനന്തപുരത്ത് കുളത്തൂർ, ആറ്റിപ്ര മേഖലകളിൽ ഗുണ്ടാ വിളയാട്ടം
സ്‌ത്രീകളും കുട്ടികളും മാത്രമുണ്ടായിരുന്ന സമയത്താണ് വീടിന് നേരെ ഗുണ്ടകൾ അക്രമം നടത്തിയത്
ബൈക്കുകളിലെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തുകയായിരുന്നുവെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ പരാതി. വീടിന്‍റെ ജനാലകളും വാതിലുകളും അക്രമികൾ അടിച്ചുതകർത്തു. സ്‌കൂട്ടറും അടിച്ച് തകർത്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.
തൃപ്പാദപുരത്ത് സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുളത്തൂർ കോരാളംകുഴി സ്വദേശി മഞ്ജിത്തിനും ഗുണ്ടകളുടെ വെട്ടേറ്റു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ വന്ന ഓട്ടോറിക്ഷയും അക്രമികൾ തകർത്തു. മീൻ വിൽപനയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി തുമ്പ പൊലീസ് പറഞ്ഞു. പ്രതികളിൽ ചിലർ കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായതായി സൂചനയുണ്ട്.