തിരുവനന്തപുരം : നവകേരള സദസില്‍ മികച്ച സേവനം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും (Good Service Entry For Police Officers). ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറാണ് മികച്ച സേവനം കാഴ്‌ചവച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നതിനുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്രമസമാധാനം ഉറപ്പുവരുത്താന്‍ സ്‌തുത്യര്‍ഹമായ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
എസ്‌പിമാര്‍ക്കും ഡി ഐ ജി മാര്‍ക്കുമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി റാങ്ക് വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും നവംബര്‍ 18ന് ആരംഭിച്ച മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് പര്യടനം 36-ാം ദിവസം തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പരിപാടിയോടെയാണ് സമാപിച്ചത്.
ഒരു മാസത്തിലധികം നീണ്ടുനിന്ന നവകേരള സദസ് യാത്രയില്‍ നിരവധിയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിന് നേരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം ഉള്‍പ്പടെ നടത്തി. ഇവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു.