തിരുവനന്തപുരം : ചാരം മൂടിക്കിടന്ന നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദം വീണ്ടും ആളിപ്പടരുമ്പോള്‍ ഇത്തവണ ഉന്നം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമാണ്. നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തോടെ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ അഗ്നിശുദ്ധിയായെന്ന് കരുതിയ മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും മുകളിലാണ് ഇപ്പോള്‍ കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഇടിത്തീയാകുന്നത്.
2016 ലെ ദുബായ് യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി തിരുവനന്തപുരത്തെ ദുബായ് കോണ്‍സുലേറ്റ് വഴി കറന്‍സി കടത്തിയെന്നും ബിരിയാണി പാത്രങ്ങളിലൂടെ ഭാരമുള്ള ലോഹങ്ങള്‍ കടത്തിയെന്നുമുള്ള വെളിപ്പെടുത്തല്‍ അക്ഷരാര്‍ഥത്തില്‍ ഇടതുകേന്ദ്രങ്ങളെ അമ്പരപ്പിച്ചു. മാത്രമല്ല, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, മുന്‍ മന്ത്രി കെ.ടി ജലീല്‍ എന്നിവരുടെ പങ്കിനെക്കുറിച്ച് വ്യക്തമായ സൂചന എറണാകുളം മജിസ്‌ട്രേറ്റ് കോടതിക്ക് നല്‍കിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തലും ഇടതുകേന്ദ്രങ്ങള്‍ക്ക് ആഘാതമായി.
വിനയായി ശിവശങ്കറിന്‍റെ പുസ്‌തകം :മുഖ്യമന്ത്രി നേരിട്ട് നയിച്ച തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന്‍റെ ക്ഷീണം മാറും മുന്‍പേ വന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്കും വലിയ മങ്ങലായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇക്കാര്യങ്ങളിലൊന്നും നേരിട്ട് പ്രതികരണത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി വിശദമായ വാര്‍ത്താക്കുറിപ്പിലൂടെ സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞത് ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്താണെന്ന വിലയിരുത്തലുമുണ്ട്.
ALSO READ|'വിജിലന്‍സ് സരിത്തിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു'; വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്
യഥാര്‍ഥത്തില്‍ ചാരം മൂടിക്കിടന്ന സ്വര്‍ണക്കടത്ത് കേസ് വീണ്ടും സജീവമാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ പങ്ക് ഇപ്പോള്‍ ഇടത് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. സ്വര്‍ണക്കടത്ത് കേസില്‍ 87 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശിവശങ്കര്‍ എഴുതിയ ആത്മകഥയിലൂടെ അദ്ദേഹം താന്‍ നിരപരാധിയാണെന്നും സ്വപ്‌നയാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നും വ്യക്തമാക്കിയതോടെയാണ് സ്വപ്‌ന ശിവശങ്കറിനും സര്‍ക്കാരിനുമെതിരെ തിരിഞ്ഞത്.