സ്വപ്നയുടെ പേരില്‍ ശബ്ദ സന്ദേശം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും - gold smuggling case
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞു എന്നാണ് സന്ദേശത്തിലുള്ളത്
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിൻ്റേതെന്ന പേരിൽ ശബ്ദസന്ദേശം പ്രചരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ദക്ഷിണമേഖലാ ജയിൽ ഡിഐജി. സ്വപ്ന കഴിയുന്ന അട്ടക്കുളങ്ങര ജയിലിലെത്തിയാണ് അന്വേഷണം. സ്വപ്നയെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഇന്ന് തന്നെ അന്വേഷണ റിപ്പോർട്ട് നൽകാനാണ് ജയിൽ ഡിജിപി ഋഷിരാജ് സിംഗിൻ്റെ നിർദേശം.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജൻസി പറഞ്ഞുവെന്നാണ് സന്ദേശത്തിലുള്ളത്. തെറ്റായ മൊഴിയിൽ ഒപ്പിടാൻ തന്നെ നിർബന്ധിച്ചതായും ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഒരു സ്വകാര്യ വാർത്താ പോർട്ടലാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്. സന്ദേശം സ്വപ്നയുടെതാണെങ്കിൽ ഗുരുതരമായ വീഴ്ച ജയിൽ വകുപ്പിന് സംഭവിച്ചുവെന്ന് ആക്ഷേപമുയർന്ന പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചത്.