തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വർണം പിടികൂടുമ്പോൾ അത് കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാൻ പറ്റുന്നതാകുമെന്ന് ആരും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്താനുള്ള പദ്ധതി ഒടുവില്‍ എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലാണ്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്‍റെ ഭരണകാലത്ത് അവസാനം ഉയർന്നു പൊങ്ങിയ സോളാർ കേസ് പ്രധാനമായും മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പിണറായി വിജയന്‍റെ ഓഫീസ് ആരോപണ നടുവിലായപ്പോൾ പേഴ്സണല്‍, ഐടി സെക്രട്ടറി പദവികൾ വഹിച്ചിരുന്ന എം ശിവശങ്കറിലേക്കാണ് ആദ്യം ആരോപണ ശരങ്ങളെത്തിയത്. കേസെടുത്ത് മൂന്നാം ദിവസം എം ശിവശങ്കരനെ എല്ലാ പദവികളില്‍ നിന്നും നീക്കിയതോടെ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കി. അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം ആയുധമാക്കി യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങി കഴിഞ്ഞു. കേസിലെ മുഖ്യ പ്രതിയായ സ്വപ്‌ന സുരേഷ് ഒളിവില്‍ പോകുകയും കേസന്വേഷണം നീളുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസ് വരും ദിവസങ്ങളില്‍ എല്‍ഡിഎഫ് സർക്കാരിന് തലവേദനയാകും.
ആരോപണങ്ങൾ മുഖ്യന് നേരെ: സ്വർണം ആയുധമാക്കി യുഡിഎഫും ബിജെപിയും
പിണറായി വിജയന്‍റെ ഓഫീസ് ആരോപണ നടുവിലായപ്പോൾ പ്രിൻസിപ്പല്‍, ഐടി സെക്രട്ടറി പദവികൾ വഹിച്ചിരുന്ന എം ശിവശങ്കറിലേക്കാണ് ആദ്യം ആരോപണ ശരങ്ങളെത്തിയത്. കേസെടുത്ത് മൂന്നാം ദിവസം എം ശിവശങ്കരനെ എല്ലാ പദവികളില്‍ നിന്നും നീക്കിയതോടെ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ ആക്രമണം കൂടുതല്‍ ശക്തമാക്കി. അപ്രതീക്ഷിതമായി വീണുകിട്ടിയ അവസരം ആയുധമാക്കി യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനിറങ്ങി കഴിഞ്ഞു.
തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിന്‍റെ പേരില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പെട്ടി പരിശോധിച്ചപ്പോഴാണ് 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. എന്നാല്‍ പെട്ടി തുറക്കും മുന്‍പ് പരിശോധന കൂടാതെ ബാഗേജ് പുറത്തെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ സരിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വപ്‌ന സുരേഷിലേക്ക് കാര്യങ്ങളെത്തിയത്. സ്വര്‍ണ കടത്തിന്‍റെ മുഖ്യ ആസൂത്രക യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി കൂടിയായ സ്വപ്‌ന സുരേഷാണെന്ന് സരിത് വെളിപ്പെടുത്തി. പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥയാണെന്ന വിവരം പുറത്തു വന്നത്.
മുഖ്യമന്ത്രി അറിയാതെ അദ്ദേഹം കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിലെ ഉന്നത സ്ഥാനത്ത് എങ്ങനെ തട്ടിപ്പു കേസിലെ പ്രതിയെത്തിയെന്ന പ്രതിപക്ഷ വിമര്‍ശനത്തെ പ്രതിരോധിക്കാനാണ് സ്വന്തം സെക്രട്ടറിയെ പിണറായി വിജയൻ കയ്യൊഴിഞ്ഞത്. നേരത്തെ സ്പ്രിംഗ്‌ളര്‍ വിവാദമുണ്ടായപ്പോള്‍ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കറെ ശക്തമായി ന്യായീകരിച്ച പിണറായി വിജയന്‍ കഴിഞ്ഞ ദിവസത്തെ പതിവു പത്രസമ്മേളനത്തില്‍ ഐ.ടി സെക്രട്ടറിയെ കൈവിട്ടതും ശ്രദ്ധേയമായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയ്ക്ക് മാതൃകയായതിന്‍റെ മികച്ച പ്രതിച്ഛായയില്‍ നില്‍ക്കെവെയാണ് അപ്രതീക്ഷിതമായി സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രിക്ക് തിരിച്ചടിയാകുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും സ്വർണക്കടത്ത് കേസ് സർക്കാരിനെതിരായ ശക്തമായി ആയുധമാക്കും എന്നതില്‍ തർക്കമില്ല.