തിരുവനന്തപുരം :സ്വര്‍ണക്കടത്ത് വിവാദം വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കം സ്‌പീക്കര്‍ അനുവദിച്ചില്ല. സബ്‌മിഷന്‍ അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നേതാവിന്‍റെ ശ്രമം ക്രമപ്രശ്‌നം ചൂണ്ടിക്കാട്ടി അനുവദിക്കാനാകില്ലെന്ന് സ്‌പീക്കര്‍ പറഞ്ഞു. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം സബ്‌മിഷൻ ഉന്നയിച്ചത്.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ സബ്‌മിഷന്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ നിയമമന്ത്രി പി.രാജീവ് ക്രമപ്രശ്‌നം ഉന്നയിച്ചു. കോൺസുലേറ്റ്, കേന്ദ്ര സർക്കാർ എന്നിവയെല്ലാമാണ് നോട്ടിസിലുള്ളത്. കോണ്‍സുലേറ്റ് കേന്ദ്ര ലിസ്‌റ്റായതിനാല്‍ സബ്‌മിഷൻ നോട്ടിസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് നിയമ മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി.
യുഎഇ കോണ്‍സുലേറ്റ് കേരളത്തിന്‍റെ പ്രാഥമിക പരിഗണനയില്‍ വരാത്തതാണെന്ന സാങ്കേതിക പ്രശ്‌നം ഉള്ളതിനാല്‍ സബ്‌മിഷന്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി. ഒരിക്കല്‍ അനുവദിച്ചാല്‍ അത് കീഴ്‌വഴക്കമായി മാറുമെന്നും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി. ഗുരുതര പ്രതിസന്ധിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നോട്ടിസ് അനുവദിക്കാൻ കഴിയില്ലെന്ന് പി രാജീവ് പറഞ്ഞു.