കേരളം

kerala

ETV Bharat / state

ആരോപണം ഉയരാനുള്ള സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു; വിമര്‍ശനവുമായി ജനയുഗം

ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉണ്ടാകരുതായിരുന്നെന്നും ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിലും പുറത്ത് കൊണ്ടുവരണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലിൽ

സ്വർണക്കടത്ത് കേസ്  സിപിഐ മുഖപത്രം  ജനയുഗം  സംസ്ഥാന സര്‍ക്കാര്‍  സിപിഐ  gold smuggling case  cpi against cpm
സ്വർണക്കടത്ത് കേസിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

By

Published : Jul 8, 2020, 10:07 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിനെതിരെ സിപിഐയുടെ പരോക്ഷ വിമർശനം. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം പാടില്ലായിരുന്നുവെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയല്‍.

'സ്വര്‍ണക്കടത്തിന് പിന്നിലുള്ള യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരി സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിച്ചതാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിവാദത്തില്‍ ഉള്‍പ്പെടാന്‍ കാരണം. ഇതാണ് പ്രതിപക്ഷത്തിനും മാധ്യമ വിമര്‍ശനത്തിനും ഇടയാക്കിയത്. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ പ്രസ്തുത ജോലിയില്‍ നിന്ന് സ്വപ്‌നയെ ഒഴിവാക്കിയിട്ടുണ്ട്. സ്വപ്‌നയുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നതിന്‍റെ അടിസ്ഥാനത്തില്‍ ഐടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ചുമതല വഹിക്കുന്ന എം.ശിവശങ്കര്‍ ഐഎഎസിനെ തല്‍സ്ഥാനങ്ങളില്‍ നിന്ന് ഇന്നലെ മാറ്റുകയും ചെയ്തു. എങ്കിലും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യം പോലും ഉണ്ടാകാന്‍ പാടില്ലായിരുന്നു'. ജനയുഗം പറഞ്ഞു.

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ചില കുറ്റങ്ങളുമായും വഴിവിട്ട ബന്ധങ്ങളുമായും ഇപ്പോഴത്തെ സംഭവത്തെയും താരതമ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരത്തില്‍ ആരോപണങ്ങളും കഥകളും മെനഞ്ഞ് വന്‍ സ്വര്‍ണക്കള്ളക്കടത്ത് എന്ന യഥാര്‍ഥ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിക്കൂടെന്നും ജനയുഗം അഭിപ്രായപ്പെട്ടു. സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്ത് കൊണ്ടുവരാനുള്ള നടപടികളുണ്ടാവണം. ഈ കള്ളകടത്തില്‍ ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നുണ്ട്.

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് സിപിഎമ്മുമായി അഭിപ്രായ ഭിന്നതയുള്ള സിപിഐ ഇപ്പോഴത്തെ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും മുഖ്യമന്ത്രിയുടെ കൈവശമുള്ള ഐടി വകുപ്പിനേയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുവെന്നത് പ്രസക്തമാണ്.

ABOUT THE AUTHOR

...view details