തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ചിലര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്‍റിലിജൻസിന്‍റെ (ഡി.ആര്‍.ഐ) സ്ഥിരീകരണം. ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ കലാഭവന്‍ സോബിനെ വിശദമായി തെളിവെടുപ്പ് നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ ഇത്തരമൊരു സ്ഥിരീകരണത്തിലെത്തിയത്. സോബിയെ ഡി.ആര്‍.ഐ വിളിച്ചു വരുത്തി സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോകള്‍ പരിശോധനക്കായി നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ വിദേശത്ത് കഴിയുന്നവരുടെയും കരിയര്‍മാരായി പ്രവര്‍ത്തിച്ച 10 പേരുടെയും ഫോട്ടോകള്‍ കൂട്ടത്തിലുണ്ടായിരുന്നു. ബാലഭാസ്‌കറിന്‍റെ അപകടം നടക്കുമ്പോള്‍ അതുവഴി കടന്ന് പോകുകയായിരുന്ന തന്നോട് കാര്‍ നിര്‍ത്താതെ ഓടിച്ചു പോകാന്‍ ആക്രോശിച്ച ഒരാളെ ഫോട്ടോകളില്‍ നിന്ന് സോബിന്‍ തിരിച്ചറിഞ്ഞു.
ബാലഭാസ്‌കറിന്‍റെ മരണം; അപകട സമയത്ത് സ്വര്‍ണക്കടത്തുകാരുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരണം - balabhasker accident case
കലാഭവന്‍ സോബിനെ വിശദമായി തെളിവെടുപ്പ് നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ആര്‍.ഐ അപകട സമയത്ത് സ്വര്‍ണക്കടത്തുകാരുടെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്
മറ്റ് ചില വിവരങ്ങളും സോബിന്‍ ഡി.ആര്‍.ഐയോട് വെളിപ്പെടുത്തി. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധമില്ലാത്ത കാര്യങ്ങളായതിനാല്‍ ഈ വിവരങ്ങള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് ഡി.ആര്‍.ഐ ആലോചിക്കുന്നത്. ബാലഭാസ്‌കറിന്‍റേത് അപകടമരണമെന്ന നിഗമനത്തിലാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്. എന്നാല്‍ ബാലഭാസ്‌കറിന്‍റേത് അപകടമരണമല്ലെന്നും പിന്നില്‍ ദുരൂഹതയുണ്ടെന്നും ബാലഭാസ്‌കറിന്‍റെ മാതാപിതാക്കള്‍ ആരോപിക്കുന്ന പശ്ചാത്തലത്തില്‍ കേസന്വേഷണം അവസാനിപ്പിക്കാതെ മുന്നോട്ടു പോകുകയാണ് ക്രൈംബ്രാഞ്ച്. ഡി.ആര്‍.ഐയുടെ പുതിയ കണ്ടെത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വഴിത്തിരിവാകും.
2018 സെപ്തംബര്‍ 25നാണ് ദേശീയപാതയില്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് ബാലഭാസ്‌കര്‍ സഞ്ചരിച്ചകാര്‍ മരത്തിലിടിച്ച് അപകടമുണ്ടായത്. ബാലഭാസ്‌കറിന്‍റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ടതോടെയാണ് കലാഭവന്‍ സോബിന്‍റെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ ഡി.ആ.ര്‍ഐ തീരുമാനിച്ചത്.