കേരളം

kerala

ETV Bharat / state

വിമാനത്തിൽ ഒളിപ്പിച്ച്‌ കടത്താൻ ശ്രമം ; തിരുവനന്തപുരത്ത് 2.7 കിലോ സ്വര്‍ണം പിടികൂടി

ഷാർജയിൽ നിന്നുവന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് ഒളിപ്പിച്ച നിലയില്‍ ഒരു കോടിയോളം രൂപ വില വരുന്ന സ്വർണ മിശ്രിതം കണ്ടെത്തിയത്

By

Published : Mar 14, 2023, 10:44 AM IST

Updated : Mar 14, 2023, 2:36 PM IST

Gold seized in Trivandrum international airport  Gold seized  സ്വര്‍ണം പിടികൂടി  തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം  gold smuggling  gold smuggling news
വിമാനത്തിൽ ഒളിപ്പിച്ച്‌ സ്വർണം കടത്താൻ ശ്രമം

തിരുവനന്തപുരം : തലസ്ഥാനത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. വിമാനത്തിൽ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 2.7 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. സീറ്റിനടിയിൽ സ്വർണം മിശ്രിത രൂപത്തിൽ ആക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഷാർജയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് സ്വര്‍ണം കണ്ടെത്തിയത്.

രാവിലെ 3. 30 ഓടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഷാർജ - എയർ ഇന്ത്യ എക്‌സ്‌പ്രസിൽ യാത്രക്കാർ ഇറങ്ങിയതിനുശേഷം എയർ ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്വർണം കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഏകദേശം ഒരു കോടിയോളം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത സ്വർണ മിശ്രിതം ഉരുക്കി റിസർവ് ബാങ്കിന് നൽകും.

പിടിയിലായവരിൽ എയര്‍ ഇന്ത്യ ജീവനക്കാരനും: ഒന്നര കിലോഗ്രാം സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ ജീവനക്കാരന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. കൈയില്‍ ചുറ്റിയ നിലയിലാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. ബഹ്റൈനില്‍ നിന്നും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ഷാഫി എന്ന ജീവനക്കാരനാണ് പിടിയിലായത്.

പിടികൂടിയത് രഹസ്യവിവരത്തിന് പിന്നാലെ: കാബിന്‍ ക്രൂ ജീവനക്കാരനായ ഷാഫി എന്ന വ്യക്തി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുവെന്ന് കസ്‌റ്റംസിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കുകയും കൊച്ചിയില്‍ വിമാനം ലാന്‍ഡ് ചെയ്‌ത ശേഷം വിമാനത്താവളത്തിലെ ഗ്രീന്‍ ചാനല്‍ വഴി ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്.

സ്വർണം കടത്തിയത് ബ്രഡ്‌ മേക്കറിൽ:രഹസ്യ അറയിൽ സ്വർണം കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിലായിരുന്നു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1300 ഗ്രാം സ്വർണവുമായി ചെങ്കള സ്വദേശി മുഹമ്മദ്‌ ഫായിസിനെയാണ് കസ്റ്റംസ് പിടികൂടിയത്. 76 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.

ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ഫായിസ് ട്രെയിൻ മാർഗം കാസർകോട് എത്തിയപ്പോഴാണ് കസ്റ്റംസിന്‍റെ പിടിയിലായത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഫായിസിൽ നിന്ന് സ്വർണം കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ ട്രെയിൻ മാർഗം കാസർകോട് എത്തിയപ്പോഴാണ് കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്.

കണ്ണൂരിൽ നിന്ന് ഏറനാട് എക്‌സ്പ്രസിൽ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റംസ് സൂപ്രണ്ട് പി പി രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. ബ്രഡ്‌ മേക്കറിൽ മൂന്ന് അറകൾ ഉണ്ടാക്കി അതിൽ സ്വർണം സൂക്ഷിച്ചായിരുന്നു കടത്തിയത്.

കരിപ്പൂരിൽ പിടിയിലായത് 19കാരി: നേരത്തെ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കാസർകോട് സ്വദേശിനിയായ ഷഹല എന്ന 19 കാരി ഒരു കോടി രൂപയുടെ സ്വർണം കടത്തുന്നതിനിടെ പിടിയിലായിരുന്നു. 1886 ഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി ഉള്‍വസ്‌ത്രത്തിനുള്ളിൽ തുന്നിച്ചേർത്താണ് വിമാനത്താവളത്തിന് പുറത്ത് എത്തിച്ചത്.

ഒരു സമയത്ത് സ്വർണ കടത്ത് സംഘങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു കാസർകോട്. കാരിയർമാരായി നിരവധി പേരാണ് ഉണ്ടായിരുന്നത്. ആദ്യം മംഗളൂരു വിമാനത്താവളം കേന്ദ്രീകരിച്ചായിരുന്നു സ്വർണക്കടത്ത് നടത്തിയിരുന്നത്. എന്നാൽ പൊലീസും കസ്റ്റംസും പരിശോധന ശക്തമാക്കിയതോടെ കടത്ത് സംഘങ്ങൾ കുറഞ്ഞിരുന്നു.

Last Updated : Mar 14, 2023, 2:36 PM IST

ABOUT THE AUTHOR

...view details