തിരുവനന്തപുരം:വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന രണ്ട് യാത്രക്കാരില്‍ നിന്ന് 8.7 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. എയര്‍ ഇന്ത്യയുടെ മസ്‌കറ്റ് വിമാനത്തിലെത്തിയ തിരുവനന്തപുരം പൂന്തുറ സ്വദേശി മുഹമ്മദ് ഇബ്രാഹിം അസിം എന്ന യാത്രക്കാരനില്‍ നിന്ന് 3.5 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഷാര്‍ജ വിമാനത്തിലെത്തിയ കൊട്ടാരക്കര സ്വദേശിയായ ശരണ്‍രാജ് എന്ന യാത്രക്കാരനില്‍ നിന്ന് 5.2 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഇരുവരും സ്വര്‍ണം ശരീരത്തില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട - തിരുവനന്തപുരം വിമാനത്താവളം
പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്ന് കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു
കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരായ എസ്.സിമി, പ്രദീപ്, സൂപ്രണ്ട് രാമചന്ദ്രന്‍, ഇന്‍സ്‌പെക്‌ടർമാരായ വിശാഖ്, മേഘ, അമന്‍ഗ്രോവര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണ വേട്ടയ്ക്ക് നേതൃത്വം നല്‍കിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്ന് കോടി രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി ഗള്‍ഫിൽ നിന്ന് സ്വര്‍ണം കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ എസ്.ഐയും സഹായിയായ യുവതിയും ഡി.ആര്‍.ഐ പിടിയിലായതിന് തൊട്ടു പിന്നാലെയാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചത്. എസ്.ഐയും യുവതിയും ചേര്‍ന്ന് രണ്ട് കിലോഗ്രാം സ്വർണമാണ് വിമാനത്തിന്‍റെ സീറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.