തിരുവനന്തപുരം:രണ്ട് പേരില്‍ നിന്നായി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 1.29 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. ഇന്നലെ ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ കൊല്ലം സ്വദേശിനിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചത്. എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധയിലാണ് സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 1.29 കോടിയുടെ സ്വര്‍ണം പിടികൂടി; 2 പേര്‍ അറസ്റ്റില്‍ - ഗള്‍ഫ് എയര്‍
ഗള്‍ഫ് എയറിലും, എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലുമായി ഇന്നലെ രാവിലെയും വൈകുന്നേരവുമായെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം സ്വര്‍ണം പിടിച്ചത്.

ബഹ്‌റൈനില്‍ നിന്നും ഇന്നലെ രാവിലെ ഗള്‍ഫ് എയര്‍ വിമാനത്തിലെത്തിയ കൊല്ലം സ്വദേശിനി സജിത ബിജുവിൽ നിന്നും കുഴമ്പ് രൂപത്തിലുള്ള 1.11കിലോഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. ഇത് ഖരരൂപത്തിലാക്കിയപ്പോള്‍ 930.10 ഗ്രാം തൂക്കമുണ്ടായിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 51 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം സാനിറ്ററി നാപ്‌കിനില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു യുവതിയുടെ ശ്രമം.
എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി ഖാദര്‍ ബാഷ ഫറൂഖ് എന്നയാളില്‍ നിന്നും 78 ലക്ഷത്തോളം വിലമതിക്കുന്ന 1.65 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി അടിവസ്ത്രത്തിലും സ്വകാര്യഭാഗത്തുമായി ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.