തിരുവനന്തപുരം:ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് ഇന്ന് തിരുവനന്തപുരം വേദിയാകും (Global Travel Market). ഈ മാസം 30 വരെയാണ് പരിപാടി നടക്കുക. കോവളം റാവിസ് ലീലയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ന് വൈകിട്ട് അഞ്ചിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ.വി വേണു മുഖ്യപ്രഭാഷണം നടത്തും.
ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കുമെന്ന് ജിടിഎം സിഇഒ സിജി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1000-ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കും. പങ്കാളികള്‍ക്ക് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും മേഖലയിലെ പ്രമുഖരുമായുള്ള ആശയവിനിമയത്തിനും ബ്രാന്‍ഡ് അവബോധം വര്‍ധിപ്പിക്കുന്നതിനും ജിടിഎം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈകിട്ട് 6.30ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള ജിടിഎമ്മിന്റെ സെമിനാര്‍ സെഷന് ഉദ്ഘാടനം ചെയ്യും. 'പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന പ്രമേയത്തിലാണ് വിവിധ സെമിനാര്‍ സെഷനുകള്‍ നടക്കുക.